Skip to main content

രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം: പദ്ധതി സ്പീക്കര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

ശുദ്ധീകരിച്ച ഒരു ലിറ്റര്‍ കുടിവെള്ളം രണ്ട് രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന മാതൃകാ പദ്ധതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡിസംബര്‍ 27ന് (ഇന്ന്) രാവിലെ 10.30 നാടിന് സമര്‍പ്പിക്കും. വി അബ്ദുറഹ്മാന്‍ എം.എല്‍.എ പ്രത്യേക താല്‍പ്പര്യമെടുത്ത് ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ 'ക്രിസ്റ്റല്‍ ' സമ്പൂര്‍ണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ നാലാമത്തെ റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനത്തിലുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒഴൂരിലെ കുറുവട്ടശ്ശേരിയില്‍ പ്രവര്‍ത്തന സജ്ജമായി.
കുറുവട്ടശ്ശേരിയില്‍ തന്നെ കിണര്‍ കുഴിച്ച് ജലം ലഭ്യമാക്കി ശുദ്ധീകരിച്ച് കുപ്പികളിലാക്കി കുടുംബശ്രീ മുഖേന കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ജനങ്ങളിലെത്തിക്കുന്നതാണ് പദ്ധതി. ഇരുപത്തിയഞ്ചര ലക്ഷം രൂപ ചെലവിലാണ് പദ്ധതിക്കായി കുറുവട്ടശ്ശേരിയില്‍ കിണറും ജലശുദ്ധീകരണ സംവിധാനവുമൊരുക്കിയത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന് മുമ്പ് പുത്തന്‍തെരു, നിറമരുതൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ സംവിധാനമൊരുക്കിയിരുന്നു. അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. ഇവര്‍ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് കുപ്പികളിലാക്കി വിപണിയിലെത്തിക്കും. പ്രതിദിനം രണ്ടായിരത്തോളം ലിറ്റര്‍ കുടിവെള്ളം വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം പദ്ധതിയിലൂടെ കുടുംബശ്രീ വനിതകള്‍ തൊഴില്‍ കൂടി ഉറപ്പുവരുത്തുകയാണ്. പുത്തന്‍തെരു ഉള്‍പ്പെടെയുള്ള മേഖകളില്‍ പദ്ധതി ആര്‍.ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം മന്ത്രി ഡോ:കെ.ടി ജലീലാണ് നിര്‍വ്വഹിച്ചത്. കുറുവട്ടശ്ശേരിയില്‍ നാലുമാസം മുമ്പാണ് പദ്ധതി പ്രവൃത്തി തുടങ്ങിയത്. വി അബ്ദുറഹ്മാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

 

date