Skip to main content

കൈറ്റിന്റെ കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള ക്യാമ്പിന് ജില്ലയില്‍ തുടക്കം

 

    പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും തയ്യാറാക്കി റിപ്പോര്‍ട്ടു ചെയ്യുന്നതിന് ജില്ലയിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ കുട്ടിറിപ്പോര്‍ട്ടര്‍മാരായി സജ്ജമാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച പരിശീലന ക്യാമ്പ് തുടങ്ങി. ജില്ലയില്‍ ആകെയുള്ള 159 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത 500ഓളം അംഗങ്ങള്‍ക്ക് 18 കേന്ദ്രങ്ങളില്‍ വച്ചാണ് രണ്ടുദിവസത്തെ പരിശീലനം. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് പഠന വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്‌കൂളുകളില്‍നിന്ന് കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിലൂടെ സംപ്രേഷണത്തിന് അനുയോജ്യമായ വാര്‍ത്തകളും വിഭവങ്ങളും തയാറാക്കുന്നതിനും കുട്ടി റിപ്പോര്‍ട്ടര്‍മാരെ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷനാണ് (കൈറ്റ്) ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നത്. വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റെക്കോര്‍ഡിംഗ്, ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, ആംഗറിംഗ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലനത്തിന്റെ ഭാഗമാണ്. കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

    ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ 390 സ്‌കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ ക്യാമറ ലഭ്യമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവ പരമാവധി ഉറപ്പുവരുത്തുന്നതിന് കുട്ടികള്‍ക്കും സ്‌കൂളുകളിലെ ചുമതലക്കാര്‍ക്കും നിര്‍ദ്ദേശവും പരിശീലനവും നല്‍കിയിട്ടുണ്ട്. 'സമഗ്ര' പോര്‍ട്ടലിലേക്ക് അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതിനും പരിശീലനം നല്‍കി വരുന്നുണ്ട്. ഇതിന് പുറമെയാണ് കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂള്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക അവധിക്കാല ക്യാമ്പ് ആരംഭിച്ചത്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത മള്‍ട്ടിമീഡിയ-ഗ്രാഫിക്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇത്രയും കൂടുതല്‍ പേര്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കുന്നതു മുതല്‍ അവയുടെ എഡിറ്റിംഗും സംപ്രേഷണവും ഉള്‍പ്പെടെ പൂര്‍ണ തോതിലുള്ള പരിശീലനം നല്‍കുന്നത് ഇന്ത്യയില്‍ ആദ്യമായാണെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

 

date