വിവരം നൽകുന്നത് ഉദ്യോഗസ്ഥർ ഔദാര്യമായി കാണരുത്: വിവരാവകാശ കമ്മീഷണർ
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം നൽകുന്നത് ഔദാര്യമായി ഉദ്യോഗസ്ഥർ കാണരുതെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും സംസ്ഥാന വിവരവകാശ കമ്മീഷണർ അഡ്വ.ടി കെ രാമകൃഷ്ണൻ. തൃശ്ശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ സംഘടിപ്പിച്ച വിവരാവകാശ ഹിയറിങ്ങിനുശേഷം സംസാ രിക്കുകയായിരുന്നു കമ്മീഷണർ.
അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്നതും വ്യക്തമായി മറുപടി നൽകാതിരിക്കുന്നതും നിയമത്തിനെതിരാണ് . ഇത്തരം പ്രവൃത്തികൾക്കെതിരെ കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥരും അപേക്ഷകരും വിവരാവകാശ നിയമത്തിന്റെ അന്ത:സത്ത മനസ്സിലാക്കിയാകണം പെരുമാറേണ്ടത്. അപേക്ഷ ലഭിച്ചാൽ വിവരങ്ങൾ കൃത്യതയോടെ സമയ ബന്ധിതമായി കൈമാറാൻ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും അപേക്ഷകർ, ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സങ്കീർണവും ദൈർഘമേറിയതും അവ്യക്തവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷണർ പറഞ്ഞു.
സുതാര്യതയാണ് വിവരവകാശ നിയമത്തിന്റെ അടിത്തറ. അഴിമതിരഹിതവും ഉത്തരവാദിത്വ ബോധവുമുള്ള സദ്ഭരണമാണ് വിവരാവകാശത്തിൻ്റെ ലക്ഷ്യം. വിവരാവകാശ നിയമം പാസാക്കിയിട്ട് 20 വർഷങ്ങൾ പിന്നിട്ടിട്ടും വിവരങ്ങൾ കൈമാറാൻ ഉദ്യോഗസ്ഥർ മടിക്കുന്നതുകൊണ്ടാണ് കമ്മീഷനിൽ അപ്പീലുകൾ വർദ്ധിക്കുന്നതെന്നും എല്ലാം സുതാര്യമാണെങ്കിൽ വിവരാവകാശ നിയമത്തെ ഭയക്കേണ്ടതില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. ഹിയറിംഗിന് ഹാജരാകാത്ത ഉദ്യോഗസ്ഥർക്ക് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാവാനായി സമൻസ് അയക്കുമെന്നും കമ്മീഷണർ പറഞ്ഞു.
20 കേസുകളാണ് ഹിയറിംഗിൽ പരിഗണിച്ചത്. 18 കേസുകൾ തീർപ്പാക്കി. രണ്ട് കേസുകളിൽ എതിർകക്ഷികൾ ഹാജരാവാതിരുന്നതിനാൽ ഹിയറിംഗ് മാറ്റി വെച്ചു.
- Log in to post comments