എസ്.എസ്.എൽ.സി: എറണാകുളത്തിന് മിന്നും ജയം; വിജയശതമാനം 99.61%
ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി എറണാകുളം ജില്ല. ജില്ലയിൽ 99.61 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പരീക്ഷ എഴുതിയ 30,578 വിദ്യാർത്ഥികളിൽ 30,458 പേരും വിജയം കൈവരിച്ചു. പെൺകുട്ടികളാണ് മുന്നിൽ.
പരീക്ഷ എഴുതിയ 15,715 ആൺകുട്ടികളിൽ 15,649 പേരും, 14,863 പെൺകുട്ടികളിൽ 14,809 പേരും വിജയിച്ചു.
ജില്ലയിലാകെ 2203 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ്നേടി. ഇതിൽ 1553 പെൺകുട്ടികളും 650 ആൺകുട്ടികളുമാണ് ഉള്ളത്.
ജില്ലയിലെ ആകെ 260 സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. ജില്ലയിലെ 101 സർക്കാർ സ്കൂളുകളിൽ 81 എണ്ണവും, 177 എയ്ഡഡ് സ്കൂളുകളിൽ 133 എണ്ണവും, 52 അൺ എയ്ഡഡ് സ്കൂളുകളിൽ 46 എണ്ണവും നൂറു ശതമാനം വിജയം സ്വന്തമാക്കി.
വിദ്യാഭ്യാസ ജില്ലകളിലെ പ്രകടനം
ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളിലെ ഫലം പരിശോധിക്കുമ്പോൾ മൂവാറ്റുപുഴയാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത്.
മൂവാറ്റുപുഴ
ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത് മൂവാറ്റുപുഴയിലാണ് (99.77%). പരീക്ഷ എഴുതിയ 3,479 വിദ്യാർത്ഥികളിൽ 3,471 പേരും വിജയിച്ചു. 352 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു.
ആലുവ
ആലുവ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 11,691 വിദ്യാർത്ഥികളിൽ 11,657 പേർ വിജയിച്ചു. 99.71 ആണ് ഇവിടുത്തെ വിജയശതമാനം. 930 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
എറണാകുളം
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 10,149 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 10,084 പേർ ഉപരിപഠനത്തിന് അർഹരായി. 99.36 ശതമാനമാണ് വിജയം. 568 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.
കോതമംഗലം
കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 5,259 വിദ്യാർത്ഥികളിൽ 5,246 പേരും വിജയിച്ചു. 99.75 ആണ് വിജയശതമാനം. 353 വിദ്യാർത്ഥികൾക്കാണ് ഇവിടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
- Log in to post comments