Skip to main content

ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

ജൂൺ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ജില്ലയിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും കുട്ടികളുടെ മാനസിക ഉല്ലാസത്തിന് മുൻഗണന നൽകുന്ന രീതിയിലാകണം പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. 

ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് ഗവ. ഡി.വി.എച്ച്.എസ്.എസിലാണ് ജില്ലാതല പ്രവേശനോത്സവം നടക്കുക. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. പ്രവേശനോത്സവത്തിന് മുന്നോടിയായി മേയ് 30 നകം സ്കൂളും പരിസരവും ശുചീകരിക്കാനും കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാനും തീരുമാനിച്ചു. കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യ ബെന്നി, അംബുജാക്ഷി ടീച്ചർ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർമ്മണി തമ്പാൻ, കുഞ്ഞിക്കുഴി, തണ്ണീർമുക്കം,  കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അഡ്വ. എം സന്തോഷ്‌ കുമാർ, എ കെ പ്രസന്നൻ, റാണി ജോർജ്, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ, സുനിൽ, സ്കൂൾ പ്രധാന അധ്യാപിക രശ്മി ബോബൻ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ എസ് രാധാകൃഷ്ണനെ ചെയർമാനായും സ്കൂൾ പ്രധാന അധ്യാപിക രശ്മി ബോബനെ ജനറൽ കൺവീനറായും ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. വരും ദിവസങ്ങളിൽ ചേരുന്ന യോഗങ്ങളിൽ പ്രോഗ്രാം, പബ്ലിസിറ്റി, ഫുഡ്, റിസപ്ഷൻ തുടങ്ങിയ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകും.

date