സെന്‍സസ് 2027: മാസ്റ്റര്‍, ഫീല്‍ഡ് ട്രെയിനര്‍മാരെ നിയമിച്ചു സെല്‍ഫ് എന്യൂമറേഷന് ജൂണ്‍ 16 മുതല്‍
സെന്‍സസ് 2027 തയാറെടുപ്പുകളുടെഭാഗമായി ജില്ലയില്‍ നാല് മാസ്റ്റര്‍ ട്രെയിനര്‍മാരെയും 87 ഫീല്‍ഡ് ട്രെയിനര്‍മാരെയും നിയമിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ നിന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍നിന്നുമാണ് ഫീല്‍ഡ് ട്രെയിനര്‍മാരെ തിരഞ്ഞെടുത്തത്. മാസ്റ്റര്‍ ട്രെയിനര്‍മാരില്‍നിന്ന് പരിശീലനംനേടിയ ശേഷം ഫീല്‍ഡ് ട്രെയിനര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും പരിശീലനംനല്‍കും. മെയ് 18 മുതല്‍ 23 വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് ത്രിദിന പരിശീലനം വിവിധ ബാച്ചുകളിലായി സംഘടിപ്പിക്കും. ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സൂപ്പര്‍വൈസര്‍മാരുടെയും എന്യൂമറേറ്റര്‍മാരുടെയും നിയമനനടപടികള്‍ സ്വീകരിച്ചുവരുന്നു. മെയ് 28 മുതല്‍ ജൂണ്‍ 23 വരെയാണ് സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്മാര്ക്കുമുള്ള പരിശീലന കാലയളവ്.
ആധുനിക സജ്ജീകരണങ്ങളോടെ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സെന്‍സസില്‍ സെല്‍ഫ് എന്യൂമറേഷന് സംവിധാനം വഴി വിവരശേഖരണത്തിന് തുടക്കമാകും. ജൂണ്‍ 16 മുതല്‍ 30 വരെ https://se.census.gov.in/ പോര്‍ട്ടല്‍വഴി വ്യക്തികള്‍ക്ക് വിവരങ്ങള്‍ സ്വയംരേഖപെടുത്താം. ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷയില്‍ ലഭ്യമാകും. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ മാറ്റാനാകില്ലെന്ന്മാത്രം. 34 ചോദ്യങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാക്കുന്നത്. ഉത്തരങ്ങള്‍ സമര്‍പ്പിച്ച ശേഷം സെല്‍ഫ് എന്യുമറേഷന് ഐ ഡി എസ്എംഎസ്/ഇ-മെയില്‍ വഴി നല്‍കും. ഐ ഡി വിനിയോഗിച്ച് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്പരിശോധിച്ച് സെന്‍സസ് ആപ്പില്‍ ചേര്‍ക്കും. ജൂലൈ 1 മുതല്‍ 30 വരെ ആദ്യഘട്ടമായ വീടുവീടാന്തര വിവരശേഖരണം നടത്തും. ഇതിനായി വീടുകളുടെ പട്ടിക തയ്യാറാക്കി സെന്‍സസിന്റെ അടിസ്ഥാനമായ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിക്കുമെന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments