കുടുംബശ്രീ ‘റിഥം 2026’ ക്യാമ്പയിന് ജില്ലയിൽ തുടക്കം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലാകെ “റിഥം 2026” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വശേഷി, സംഘടനാ പ്രവർത്തന മികവ്, ആശയവിനിമയ കഴിവ് എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് തലങ്ങളിലായാണ് പരിശീലന പരിപാടികൾ നടക്കുന്നത്. സി.ഡി.എസിലെ മുഴുവൻ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാണ് ക്യാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനതലത്തിൽ പരിശീലനം നേടിയ മാസ്റ്റർ പരിശീലകർ മുഖേന ജില്ലാതല പരിശീലകരെ സജ്ജരാക്കുകയും അവർ ബ്ലോക്ക് തല പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനരീതി, സംഘടനാ ഘടന, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും അംഗങ്ങളുടെ നേതൃത്വ ശേഷിയും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമാണ് പരിശീലനം ലക്ഷ്യമിടുന്നത്.
‘റിഥം’ എന്ന പേരിലൂടെ ഒരേ താളത്തിലും ഒരേ ദിശയിലും സി.ഡി.എസ് അംഗങ്ങൾ ഒന്നിച്ച് മുന്നേറണമെന്ന ആശയമാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. നേതൃത്വപാടവവും ആശയവിനിമയ ശേഷിയും വർധിപ്പിക്കുന്ന വിവിധ സെഷനുകളും പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments