ദേശീയ ഡെങ്കിപ്പനി ദിനാചരണം : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ കെ സജ്ന നിർവഹിച്ചു. 'ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ' എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. പൊതുജന പങ്കാളിത്തത്തിലൂടെ കൊതുക് വളരാൻ ഇടയുള്ള എല്ലാ ഉറവിടങ്ങളും പരിശോധിക്കുവാനും വൃത്തിയാക്കുവാനും അടച്ച് സൂക്ഷിക്കുവാനുമാണ് സന്ദേശം സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) ന്റെയും മണ്ണാർക്കാട് നഗരസഭയുടെയും കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും ജി എം യു പി സ്കൂളിലേക്ക് ബോധവൽക്കരണ പ്രചരണ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു. നഗരസഭ വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൻ പ്രാണിജന്യ രോഗ നിയന്ത്രണ യന്ത്രങ്ങളുടെയും കൊതുക് കൂത്താടികളുടെയും പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.
മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ മണ്ണാർക്കാട് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാദേവി ടീച്ചർ മുഖ്യാതിഥിയായി. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ സ്മിത ഡെങ്കിപ്പനി പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ' എന്ന വിഷയത്തിൽ പാലക്കാട് ജില്ലാ വി ബി ഡി സി ഓഫീസർ(ജില്ലാ വെക്ടർ ബോൺ ഡിസീസസ് കൺട്രോൾ ഓഫീസർ) പി വി സാജൻ സെമിനാർ നയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി വി റോഷ് ദിനാചരണ സന്ദേശം നൽകി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നീതു ശങ്കർ, മണ്ണാർക്കാട് നഗരസഭ വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, ജില്ലാ സർവയലൻസ് ഓഫീസർ ഡോ ഗീതു മരിയ ജോസഫ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാമുദ്ധീൻ പൊന്നംകോട്, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജി സുരേഷ്കുമാർ, മണ്ണാർക്കാട് നഗരസഭാ കൗൺസിലർ പി കദീജ , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. മേരി ജ്യോതി വിൽസൺ, മണ്ണാർക്കാട് മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ (സി. സി. എം) എം മുഹമ്മദ് ഇക്ബാൽ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് സയന, ടെക്നിക്കൽ അസിസ്റ്റൻറ് സി എം രാധാകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, കല്ലടി എം ഇ എസ് കോളേജിലെ എൻ എസ് എസ് വിദ്യാർഥികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ, അലനല്ലൂർ ഹെൽത്ത് ബ്ലോക്കിലെയും കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാം
മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന് സാധിക്കുകയുള്ളൂ.
ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്ധിക്കാന് സാധ്യതയുള്ളതിനാല് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും സാധനങ്ങളിലും കൊതുകു മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമുണ്ട്. ഡെങ്കി പനി പകർത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിടാൻ വളരെ കുറച്ചു വെള്ളം മതി. ജലം വാർന്നു പോയാലും ഈ മുട്ടകൾക്കു വര്ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് മഴവെള്ളത്തിലൂടെയോ, മറ്റേതെങ്കിലും സാഹചര്യത്തിലോ ജലം ലഭ്യമാകുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞു കൂത്താടി പുറത്തു വരും. ഈഡിസ് കൊതുകുകൾ അതിന്റെ ജീവിത ചക്രത്തിൽ അഞ്ചു തവണയിൽ കൂടുതൽ മുട്ടയിടും, ഓരോ തവണയും നൂറു മുതൽ ഇരുനൂറു വരെ മുട്ട ഇടാം. ഡെങ്കി വൈറസ് വാഹകയായ കൊതുകു ഇടുന്ന എല്ലാ മുട്ടകളിലും അണുബാധ ഉണ്ടാവും. ഉറവിട നശീകരണമാണ് ഡെങ്കിപനിയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗം.
ശുദ്ധജലം ശേഖരിച്ചു വയ്ക്കാവുന്ന സംഭരണികൾ, പാത്രങ്ങൾ, ടാങ്കുകൾ, ചെടിച്ചട്ടി, ടയർ, ഫ്രിഡ്ജിന്റെ അടിയിൽ കാണുന്ന ട്രേ, മുട്ടത്തോട്, കരിക്കിൻ തോട്, ചിരട്ട തുടങ്ങി വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്. കൊതുകു കൂത്താടി നശീകരണത്തിനായുള്ള ഡ്രൈ ഡേ ആചരിക്കൽ ആഴ്ചയിൽ ഒരിക്കൽ കൃത്യമായും നടത്തണമെന്നും പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) അറിയിച്ചു.
ഫോട്ടോ :ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ കെ സജ്ന മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നിർവഹിക്കുന്നു
- Log in to post comments