Skip to main content
കൂടഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹീറ്റ് ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിര്‍വഹിക്കുന്നു

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹീറ്റ് ക്ലിനിക്ക് ആരംഭിച്ചു

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ഹീറ്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹീറ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി കക്കാടംപൊയില്‍ അധ്യക്ഷനായി.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി ഷിയാസ്, അഡീഷണല്‍ ഡി.എം.ഒ ഡോ. വി എ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ മേരി തങ്കച്ചന്‍, ഷീബ റോയ്, പി വിനോദ്, സക്കീന സലീം, മെഡിക്കല്‍ ഓഫീസര്‍ ഡോ പി കെ ദിവ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബി ശ്രീജിത്ത്, ദുരന്തനിവാരണം കോഓഡിനേറ്റര്‍ തസ്‌ലീം ഫാസില്‍, ഷുക്കൂര്‍ മിനര്‍വ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, സ്വതന്ത്ര ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചൂട് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം, പ്രാഥമിക ചികിത്സ, നിര്‍ജലീകരണം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍, വയോജനങ്ങള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കഠിനാധ്വാന തൊഴിലാളികള്‍ തുടങ്ങി അതീവ ജാഗ്രത ആവശ്യമായ വിഭാഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ തുടങ്ങിയവ ഹീറ്റ് ക്ലിനിക്കിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. വേനല്‍ക്കാലത്ത് പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളില്‍ വിദഗ്ധരുടെ സേവനവും കൗണ്‍സിലിങ്ങും ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്.

date