Skip to main content

മഴക്കാലത്തെ നേരിടാൻ ജില്ല സജ്ജം : ജില്ലാ കളക്ടർ

​കാലവർഷത്തെ നേരിടാൻ ജില്ല പൂർണ്ണ സജ്ജമാണെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി. എം. എ) ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ഡി.ഡി.എം എ. അവലോകന യോഗത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അവർ. 

മഴക്കാലത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക മഴക്കാല മുന്നൊരുക്ക അവലോകന യോഗം ചേരുകയും, ദുരന്തനിവാരണ പദ്ധതികളെക്കുറിച്ച് അവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു.  

​ജില്ലയിലെ  ഉരുൾപൊട്ടൽ  സാധ്യത കൂടുതലുള്ള വെങ്ങോല, അയ്യമ്പുഴ, കുട്ടമ്പുഴ തുടങ്ങിയ മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർമാർ, താലൂക്ക് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ അടിയന്തര യോഗം മെയ് 25-ന് ചേരും. അവർക്ക്   കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കന്നതിനെ കുറിച്ചും, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനെ കുറിച്ചും   അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടുന്നതിനെ കുറിച്ചും  പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

​വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ-റോ ജങ്കാറുകളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നത് തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തകരാറിലായ രണ്ടാമത്തെ റോ-റോ സർവീസ് അടിയന്തരമായി പുനരാരംഭിക്കാൻ കൊച്ചി കോർപ്പറേഷനും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

​മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ ഡാമുകളിലെ വെള്ളത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കുന്നതിന് 'റൂൾ കർവ്'  ചിട്ടപ്പെടുത്തണം.  ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ എമർജൻസി സെൻ്ററുകളിലെയും, താലൂക്ക് എമർജൻസി സെന്ററുകളിലെയും  ഫോണുകളും, ഡാമുകളിലെയും മറ്റും സാറ്റലൈറ്റ് ഫോണുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ഫോർ വീൽ ഡ്രൈവ്  വാഹനങ്ങൾ ഉൾപ്പെടെയുള്ളവ റേറ്റ് കോൺട്രാക്ട് അടിസ്ഥാനത്തിൽ സജ്ജമാക്കി നിർത്താനും ജില്ലാ കളക്ടർ പറഞ്ഞു.

​ജില്ലയിലെ എല്ലാ ആശുപത്രികളും കാലവർഷത്തെ നേരിടാൻ സജ്ജമാണ്. മഴക്കാലത്ത് ആശുപത്രികളിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി.ക്കും ആരോഗ്യവകുപ്പിനും കളക്ടർ നിർദ്ദേശം നൽകി. കൂടാതെ പാൻഡമിക് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കാനും  ആരോഗ്യവകുപ്പിനോട്  ആവശ്യപ്പെട്ടു.

​'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ ഭാഗമായി അനുവദിച്ച 5 കോടി രൂപയിൽ നിന്നും മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് ആവശ്യാനുസരണം തുക കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ  ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനായി  2.82 കോടി രൂപയും വീട് നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 3.37   കോടി രൂപയും ജില്ലക്ക് ലഭിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾക്കായി ജില്ലയ്ക്ക് പ്രത്യേകമായി ലഭിച്ച 5 കോടി രൂപ, വിവിധ വകുപ്പുകൾ സമർപ്പിക്കുന്ന പ്രൊപ്പോസലുകൾ അനുസരിച്ച് കൈമാറുന്നതായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പിറവം മണ്ഡലത്തിൽ നൂറോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരത്തുക അടിയന്തരമായി കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, ഡി.ഡി.എം.എ അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.

date