അന്താരാഷ്ട്രജൈവവൈവിധ്യ ദിനം: സംസ്ഥാനതല ശില്പശാല മേയ് 22ന്
*മന്ത്രി കെ മുരീധരൻ ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാല മേയ് 22ന് തിരുവനന്തപുരം ഐ.എം.ജി ഹാളിൽ നടക്കും. ആരോഗ്യ, ദേവസ്വം, ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും.
'പ്രാദേശിക പ്രവർത്തനങ്ങൾ ആഗോള പ്രതിഫലനം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ശില്പശാലയിൽ ''മാതൃകാ ജൈവവൈവിധ്യ സൗഹൃദ ഗ്രാമങ്ങൾ'' എന്ന കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും.പ്രാദേശിക ഇടപെടലുകളിലൂടെ ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളത്തിന്റെ പ്രതിബദ്ധത, കേരളത്തെ ഇന്ത്യയിലെ മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള കർമ്മപദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷണം, തണ്ണീർത്തട പുനഃസ്ഥാപനം തുടങ്ങിയ പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ, 'ഏകാരോഗ്യ' (One Health) സമീപനത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും.
കൻമിങ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് (KM-GBF), ദേശീയ ജൈവവൈവിധ്യ പ്രവർത്തനപദ്ധതി (NBSAP), കേരള സംസ്ഥാന ജൈവവൈവിധ്യ പദ്ധതി എന്നിവയുമായി പ്രാദേശിക പദ്ധതികളുടെ ഏകോപനവും ശക്തിപ്പെടുത്തലും എന്നിവ ചർച്ചാവിഷയമാകും. കേരളത്തെ രാജ്യത്തെ മാതൃകാ ജൈവവൈവിധ്യ സംസ്ഥാനമാക്കി ഉയർത്തുന്നതിനുള്ള നിർണായക ചർച്ചകൾക്കും ശില്പശാല വേദിയാകും.
ചടങ്ങിൽ മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി സിറാം സാംബശിവ റാവു, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ തുറമുഖ-മത്സ്യ വകുപ്പ് സെക്രട്ടറി എ കൗശിഗൻ പ്രഭാഷണം നടത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി കൃഷ്ണൻ, കെ പ്രജിത്ത് എന്നിവർ സംസാരിക്കും.
പി.എൻ.എക്‌സ്. 1595/2026
- Log in to post comments