Skip to main content

അവശേഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക കലണ്ടര്‍ തയ്യാറാക്കണം: മന്ത്രി എ.സി മൊയ്തീന്‍

 

സാമ്പത്തിക വര്‍ഷം തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ  അവശേഷിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രത്യേക കലണ്ടര്‍ തയ്യാറാക്കണമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2018-2019 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്ത് നിര്‍വഹണ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് ഗുണനിലവാരം ചോരാതെ പദ്ധതികള്‍ നടപ്പാക്കണം. പ്രളയബാധിത പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താമസിച്ചത് പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള ഡെപ്പോസിറ്റ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതിനുള്ള വിശദീകരണം മന്ത്രി ആവശ്യപ്പെട്ടു. കവിയൂര്‍, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാരുടെ ഒഴിവ് നികത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

പദ്ധതിതുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനമാണ്. വിവിധ പദ്ധതികള്‍ക്കായി ആകെ 54.86 ശതമാനം തുകയാണ് ജില്ല ചിലവഴിച്ചിരിക്കുന്നത്. 53 ഗ്രാമപഞ്ചായത്തുകളിലായി പുതിയ പ്രൊജക്ടും സ്പില്‍ ഓവറും ചേര്‍ത്ത് 57.67 ശതമാനമാണ് ചിലവഴിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 55.71 ശതമാനവും നഗരസഭകള്‍ 52.40 ശതമാനവും ജില്ലാ പഞ്ചായത്ത് 46.16 ശതമാനവുമാണ് ഇതുവരെയുള്ള പദ്ധതി ചെലവ്. എറ്റവും കൂടുതല്‍ പദ്ധതി ചെലവ് വരുത്തിയ ഗ്രാമ പഞ്ചായത്തുകള്‍ മലയാലപ്പുഴ 75.59 ശതമാനം,  നാറാണംമൂഴി 71.58 ശതമാനം , റാന്നി പഴവങ്ങാടി 71.45 ശതമാനം, വടശേരിക്കര 70.61, കുളനട 68.49 ശതമാനം. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കോന്നി 65.76 ശതമാനം, മല്ലപ്പള്ളി 59.55 ശതമാനം, റാന്നി 56.49 ശതമാനം. നഗരസഭകളില്‍ ആകെ പദ്ധതി ചെലവ് പത്തനംതിട്ട 54.28 ശതമാനം, തിരുവല്ല 52.94 ശതമാനം. ഏറ്റവും കുറവ് പദ്ധതി ചെലവ് വരുത്തിയ ഗ്രാമ പഞ്ചായത്തുകള്‍ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 39.40 ശതമാനം, നിരണം ഗ്രാമ പഞ്ചായത്ത് 45.57 ശതമാനം, ആറന്മുള  ഗ്രാമപഞ്ചായത്ത് 45.20 ശതമാനം. ഏറ്റവും കുറവ് പദ്ധതി ചെലവ് വരുത്തിയ ബ്ലോക്ക് പഞ്ചായത്ത് കോയിപ്രം 45.66 ശതമാനം, ഇലന്തൂര്‍ 47.17 ശതമാനം, പുളിക്കീഴ് 48.67%. നഗരസഭകള്‍ അടൂര്‍ 49.81 ശതമാനം, പന്തളം 51.65 ശതമാനം. ജില്ലയിലെ 13437 ആകെ പ്രൊജക്ടുകളില്‍ 11233  പ്രൊജക്ടുകളുടെ നിര്‍വഹണം ആരംഭിച്ചിട്ടുണ്ട്. 

അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, എഡിഎം പി.ടി. എബ്രഹാം, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, നഗരകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.ഗിരിജ, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍.പത്മകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദര്‍ലാല്‍, ആസൂത്രണ സമിതിയംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                           (പിഎന്‍പി 4189/18)

date