Skip to main content

ഹയർസെക്കന്ററി  പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 77.97

*വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കന്ററിയിൽ 77.97 ഉം വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 72.49 മാണ് വിജയശതമാനം. ഹയർസെക്കന്ററി വിഭാഗത്തിൽ കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി പരീക്ഷ എഴുതിയ 372423 വിദ്യാർത്ഥികളിൽ 290381 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 30561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും 60 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും (1200) നേടി. വി.എച്ച്.എസ്.ഇയിൽ 162 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതായി സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന ഫലപ്രഖ്യാപനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

ഹയർസെക്കന്ററിയിൽ പരീക്ഷ എഴുതിയ 192751 പെൺകുട്ടികളിൽ 167475 പേരും 179672 ആൺകുട്ടികളിൽ 122906 പേരും  ഉപരി പഠനത്തിന് യോഗ്യത നേടി. 187933 സയൻസ് വിദ്യാർത്ഥികളിൽ 158836 പേരും (84.52%), 75923 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ 50398 പേരും (66.38%), 108567 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 81147 പേരും (74.74%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 33591 ൽ 19802 പേരും (58.95%) പട്ടികവർഗ്ഗ വിഭാഗത്തിൽ 4895 ൽ 3198 പേരും (65.33%) ഒ.ഇ.സി. വിഭാഗത്തിൽ 8872 ൽ 6295 പേരും (70.95%) ഒ.ബി.സി. വിഭാഗത്തിൽ 255705 ൽ 200502 പേരും (78.41%) ജനറൽ വിഭാഗത്തിൽ 69360 ൽ 60584 പേരും (87.35%) ഉപരി പഠനത്തിന് അർഹത നേടി.

എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 181851 ൽ 150604 പേരും (82.82%) ഗവൺമെന്റ് മേഖലയിലെ 167430 ൽ 121661 പേരും (72.66%) അൺഎയിഡഡ് മേഖലയിലെ 22821 ൽ 17841 പേരും (78.18%) ഉപരിപഠനത്തിന് യോഗ്യരായി.

 സയൻസ് വിഭാഗത്തിൽ 22970 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 2327 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ 5264 പേർക്കും എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

വിജയ ശതമാനം ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലും (84.64%) ഏറ്റവും കുറവ് കാസറഗോഡ് ജില്ലയിലുമാണ് (71.72%). മലപ്പുറത്തെ ഗവ. എച്ച് എസ് എസ് തിരൂരങ്ങാടി സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയത്. 835 പേർ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ലയും മലപ്പുറമാണ്.  76 സ്‌കൂളുകൾ നൂറു ശതമാനം വിജയം നേടി. 

ടെക്നിക്കൽ സ്ട്രീമിൽ ഹയർസെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന സ്‌കൂളുകളിൽ 1523 പേർ പരീക്ഷ എഴുതിയതിൽ 1109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (72.82%). 50 പേർക്ക് എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് ലഭിച്ചു.

ആർട്ട് സ്ട്രീമിൽ കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 52 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 82.54%. 2 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 

25494 വിദ്യാർഥികൾ സ്‌കോൾ കേരള മുഖാന്തിരം പരീക്ഷ എഴുതിയതിൽ 12982 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 50.92. ഇതിൽ 537 പേർ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 3158 പേരിൽ 2582 പേരും (81.76%), ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 12769 പേരിൽ 6056 പേരും (47.43%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 9567 പേരിൽ 4344 പേരും (45.41%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്. 9389 പേർ.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ 41076 പേർ പരീക്ഷ എഴുതിയതിൽ 14595 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 35.53.

വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 25259 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 18311 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 2900 വിദ്യാർത്ഥികൾ പ്രൈവറ്റായി പരീക്ഷ എഴുതിയതിൽ 1555 പേർ യോഗ്യത നേടി. 10283 പെൺകുട്ടികളും 14976 ആൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 8595 പെൺകുട്ടികളും 9716 ആൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം (87.30%). ഏറ്റവും കുറവ് കാസർഗോഡിനും (60.63%). 7 സർക്കാർ സ്‌കൂളുകളും 6 എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. പട്ടിക ജാതി വിഭാഗത്തിൽ 2348 പേർ പരീക്ഷ എഴുതിയതിൽ  1484 വിദ്യാർത്ഥികളും പട്ടികവർഗ വിഭാഗത്തിൽ 204 പേർ പരീക്ഷ എഴുതിയതിൽ 129 പേരും ഉപരിപഠനത്തിന് അർഹരായി.

സംസ്ഥാനത്തെ 4 ബധിര മൂക സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തിയതിൽ എല്ലാ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.

ഹയർസെക്കന്ററിയുടേയും വിഎച്ച്എസ്‌ഇയുടേയും സേവ് എ ഇയർ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കും.  ജൂൺ 1 വരെ അപേക്ഷിക്കാം. ഫൈനോടു കൂടി ജൂൺ 3 വരെയും അപേക്ഷിക്കാം. പുനർമൂല്യ നിർണയത്തിനായും അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 1678/2026

date