വയറിളക്ക രോഗപ്രതിരോധം: ദ്രുതകർമസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വയറിളക്കരോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേന യോഗം ചേർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത മേഖലകൾ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ മാപ്പ് ചെയ്യുന്നതിനും വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണം നടത്തുന്നതിന് ഭവനസന്ദർശനം നടത്തുന്നതിനുമുള്ള നിർദ്ദേശം നൽകി. ബോധവത്ക്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രദേശത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. പ്രദേശത്തെ വിവിധ ജലസ്രോതസ്സുകളുടെ ക്ലോറിനേഷൻ, അങ്കണവാടി, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ശുദ്ധജല ലഭ്യത, കൈകൾ വൃത്തിയാക്കുന്നതിനായി ശുചിമുറികളിൽ സോപ്പിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പ്രദേശത്തെ ഹോട്ടലുകൾ, ശീതളപാനീയം വില്ക്കുന്ന കടകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഭക്ഷ്യയോഗ്യമായ ഐസ് നിർമാണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
വയറിളക്കം ബാധിച്ച രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പുമായി പങ്കുവെക്കാൻ ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, വൈസ് പ്രസിഡന്റ് രാജേഷ് കുട്ടൻ, മറ്റു ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. പാർവതി പ്രസാദ്, ഡോ. ഐ ചിത്ര, ആറാട്ടുപുഴ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. രശ്‌മി രാമകൃഷ്ണൻ,
ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ, ജല അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments