Skip to main content

വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി എ.പി.അനില്‍ കുമാര്‍

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തിരുവാലി ജി.എച്ച്.എസ്.എസില്‍ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

പരീക്ഷയില്‍ ലഭിക്കുന്ന എപ്ലസുകളുടെ എണ്ണത്തെക്കാളുപരി നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണമെന്നും ഇതിനായി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍. മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം  തിരുവാലി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

'പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥി അറിവിലും എഴുത്തിലും വായനയിലും മികവുള്ളവരാകണം. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും മിടുക്കരാകുന്ന അവസ്ഥയുണ്ടാകണം. ലോകം മുഴുവന്‍ അറിവും തൊഴിലും തേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നത് വിദ്യാലയങ്ങളാണ്. ആ രീതിയില്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്ന് പുതുയുഗ വിദ്യാലയങ്ങളാക്കാന്‍  സര്‍ക്കാര്‍ നേതൃത്വം നല്‍കും. കുടുംബത്തിന്റെയും നാടിന്റെയും വളര്‍ച്ചയെന്നത് അറിവു നേടിയ വിദ്യാര്‍ഥികളാണ്'- മന്ത്രി പറഞ്ഞു. ഓണവും പെരുന്നാളും പോലെ സ്‌കൂള്‍ പ്രവേശനോത്സവവും നാടിന്റെ ആഘോഷമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യ വേദി 2025ല്‍ നടത്തിയ സര്‍ഗോത്സവത്തില്‍ 17 ഉപജില്ലകളില്‍ നിന്ന് പങ്കെടുത്ത സാഹിത്യപ്രതിഭകളായ വിദ്യാര്‍ഥികള്‍ രചിച്ച കവിതകളുടെ സമാഹാരം 'സ്മൃതി'യുടെ പ്രകാശനവും തിരുവാലി ജി.എച്ച്.എസ്.എസിന്റെ വീഡിയോ പ്രദര്‍ശന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അസലു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്‍, ജില്ലാ പഞ്ചായത്തംഗം പി.എച്ച്. ഷമീം എന്നിവര്‍ വിശിഷ്ടാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.ഷാനി, തിരുവാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ്, സ്ഥിരം സമിതി അധ്യക്ഷ സജ്‌ന മന്നിയില്‍, വാര്‍ഡ് മെമ്പര്‍ പി.ശശി, എസ്.എസ്.കെ.ഡി.പി.സി. ടി.അബ്ദുല്‍ സലീം, ഡയറ്റ് പ്രന്‍സിപ്പല്‍ കെ.പി.രാജേഷ്, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കോളശ്ശേരി, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഷരീഫ്, എച്ച്.എസ്.എസ്.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി.ഷാജു, എസ്.എസ്.കെ.ഡി.പി.ഒ. എം.ഡി. മഹേഷ്, വണ്ടൂര്‍ ഡി.ഇ.ഒ. സലാവുദ്ദീന്‍, എ.ഇ.ഒ. പ്രേമാനന്ദന്‍, വണ്ടൂര്‍ ബി.പി.സി. ഷൈജി ടി.മാത്യു, പി.ടി.എ. പ്രസിഡന്റ് ടി.രമേഷ്, എസ്.എം.സി.ചെയര്‍മാന്‍ കെ.ജയദേവന്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് എം.സി.സിന്ധു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലപ്പുറം ഡി.ഡി.ഇ. പി.വി.റഫീഖ് സ്വാഗതവും പ്രന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എസ്.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

date