Skip to main content

പ്രളയപുനരുജ്ജീവനത്തിനായി ഉജ്ജീവന വായ്പാ പദ്ധതിക്ക് രൂപം നല്‍കി

 

പ്രളയത്തെത്തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടപ്പെട്ട സുക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, കൃഷി, മൃഗസംരക്ഷണ മേഖലകളിലെ കര്‍ഷകര്‍, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് ബാങ്ക് വായ്പകള്‍ ഉപയോഗപ്പെടുത്തി ഉപജീവന മാര്‍ഗങ്ങള്‍ പുനസൃഷ്ടിക്കുന്നതിനുള്ള ഉജ്ജീവന വായ്പാ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ആഗസ്റ്റ് മാസമുണ്ടായ പ്രളയം സാരമായി ബാധിച്ച 1260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍, പൗള്‍ട്രി കര്‍ഷകര്‍, അലങ്കാര പക്ഷി കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തര വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പദ്ധതി പ്രകാരം നല്‍കും. 

സര്‍ക്കാരിന്റെ പ്രളയബാധിത ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് പുതിയ മൂലധന വായ്പയ്ക്ക് 25 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപയോ മാര്‍ജിന്‍ മണിയായി  ലഭിക്കും. പ്രവര്‍ത്തന മൂലധനത്തിന് 25 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ വരെയോ മാര്‍ജിന്‍ മണി ലഭിക്കും. പ്രവര്‍ത്തന മൂലധനം മാത്രം എടുക്കുന്നവര്‍ക്ക് ഒമ്പത് ശതമാനം പലിശനിരക്ക് ഒരു വര്‍ഷത്തേക്ക് താങ്ങുപലിശ പ്രകാരം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ലഭ്യമാക്കും. പരമാവധി 10 ലക്ഷം രൂപ  വരെ മാത്രമേ ഇതുപ്രകാരം വായ്പയായി ലഭ്യമാകൂ. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകരുടെ നാല് ശതമാനം പലിശ സര്‍ക്കാര്‍ ബാങ്കുകളിലേക്ക് തിരിച്ചടയ്ക്കും.   ബാങ്കുകള്‍ക്ക് മാര്‍ജിന്‍ മണി സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിക്കുന്നതിന് ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ നല്‍കിയ കര്‍ഷകരുടെ പട്ടിക പൂരിപ്പിച്ച് 2019 മാര്‍ച്ച് 31ന് മുമ്പ് റവന്യു (ഡിആര്‍എഫ്) വകുപ്പില്‍ നല്‍കണം. ബാങ്കുകളുടെ ക്ലയിം ലഭിക്കുന്ന മുറയ്ക്ക് മാര്‍ജിന്‍ മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാങ്കുകള്‍ നിര്‍ദേശിക്കുന്ന ബ്രാഞ്ചുകള്‍ക്ക് കൈമാറും. 

താങ്ങുപലിശ ബാങ്കുകള്‍ക്ക് തിരികെ ലഭിക്കുന്നതിന് വായ്പ വിതരണം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ആനുകൂല്യം നല്‍കിയ കര്‍ഷകരുടെ പട്ടിക റവന്യു (ഡിആര്‍എഫ്) വകുപ്പിലേക്ക് നല്‍കുമ്പോള്‍ തുക ബാങ്കുകള്‍ നിര്‍ദേശിക്കുന്ന ബ്രാഞ്ചുകളിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും. 

                                                                      (പിഎന്‍പി 4205/18)

date