ലോക പുകയില വിരുദ്ധ ദിനാചരണം: ജില്ലാ തല ഉദ്ഘാടനം നടന്നു
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാവിലായി എകെജി കോളേജ് ഓഫ് നഴ്സിങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു നിർവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സിപി ബിജോയ് അധ്യക്ഷനായി. എഇഒ എൻ സുജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി, എകെജി നഴ്സിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയരാജ്, ടെക്നിക്കൽ അസി. ഇൻ ചാർജ് എം കെ രാജു, എം സി എച്ച് ഓഫീസർ ഇൻ ചാർജ് പി ടി ഗീത, എകെജി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഷെല്ലി മാത്യു, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ ഷബീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ഷമീർ ധർമടം ബോധവത്കരണ ക്ലാസെടുത്തു. വിദ്യാർഥികൾ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.
ജില്ലയിലെ പുകയില വിരുദ്ധ പ്രചരണ പരിപാടികൾ
ജില്ലയിലെ 100% വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയമാക്കി പ്രഖ്യാപിക്കുന്നതിനാണ് ഈ വർഷം പുകയില വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്. നിലവിൽ ജില്ലയിലെ 94% സ്കൂളുകളും പുകയില രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള സ്കൂളുകളെ പുകയിലരഹിതമായി പ്രഖ്യാപിക്കുന്നതിനും നിലവിലുള്ളവ പുകയില രഹിതമായി നിലനിർത്തുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാതല കോട്പ യോഗം തീരുമാനിച്ചിരുന്നു.
അൺ മാസ്കിങ് ദി അപ്പീൽ, കൌണ്ടറിഗ് നിക്കോട്ടിൻ ആൻഡ് ടുബാക്കൊ അഡിക്ഷൻ എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനാചരണ സന്ദേശം. പുകയിലയുടെ യഥാർഥ മുഖം തിരിച്ചറിഞ് പുകയിലക്കെതിരെയും നിക്കോട്ടിൻ ആസക്തിക്കെതിരെയും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്..
സ്കൂളുകളിൽ ജൂൺ ആദ്യവാരം അസംബ്ലികളിൽ കുട്ടികൾക്ക് ബോധവത്കരണ പ്രതിജ്ഞ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ എൻ എസ് എസ് യൂനിറ്റുകളും ഇക്കാലയളവിൽ ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. അതിഥി തൊഴിലാളികൾക്കിടയിൽ ഉൾപ്പെടെ പുകയിലക്കെതിരായ പ്രചരണ പരിപാടികൾ തൊഴിൽ വകുപ്പ് സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പുകയില രഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് നടപടികൾ സ്വീകരിക്കും. ജില്ലയിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ഈ കാലയളവിൽ പുകയില വിരുദ്ധ സന്ദേശം വായിക്കും. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം 816 എൻഫോഴ്സ്മെന്റ് ടീം 46142 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിന് 167,200 രൂപ പിഴയായി ഈടാക്കി. ഈ വർഷം ഇതുവരെ 292 എൻഫോഴ്സ്മെന്റ് ടീമുകൾ 12454 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 41200 രൂപയും പിഴയായി ഈടാക്കി. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ പുകയില നിയന്ത്രണ പരിശോധനകളും വിവിധ വകുപ്പുകളുമായി ചേർന്നുള്ള പുകയില-ലഹരി ബോധ വത്കരണ പരിപാടികളും ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ അറിയിച്ചു.
- Log in to post comments