മഴക്കാല മുന്നൊരുക്കം: ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കണം - മന്ത്രി എം ലിജു
- ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ആവശ്യമായത്ര ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കാൻ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം ലിജു ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എൽ.എമാരായ എ ഡി തോമസ്, റെജി ചെറിയാൻ, പി പ്രസാദ് , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ മഹേന്ദ്രൻ എന്നിവർ നേരിട്ടും എം എസ് അരുൺ കുമാർ എം എൽ എ ഓൺലൈനായും പങ്കെടുത്തു. ജില്ല കളക്ടർ ഷാജി വി.നായരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി ദുരിതാശ്വാസ ക്യാമ്പുകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ഉറപ്പുവരുത്തണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പരിധികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്താൻ ജോയിന്റ് ഡയറക്ടർ എൽഎസ്ജി ഡിയെ ചുമതലപ്പെടുത്തി. വെള്ളക്കെട്ടുകൾ ഒഴിവാക്കാനായി ഓടകൾ, തോടുകൾ, കനാലുകൾ എന്നിവ അടിയന്തരമായി വൃത്തിയാക്കണം. ഇതിനാവശ്യമായ നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സ്വീകരിക്കണം. ജില്ലാതല,താലൂക്ക് തല, പഞ്ചായത്ത് തല കൺട്രോൾ റൂമുകളും വകുപ്പുതല കൺട്രോൾ റൂമുകളും ഉടൻ പ്രവർത്തനക്ഷമമാക്കണം. മൈനർ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ആവശ്യമായ ഓരുമുട്ടുകൾ തുറന്നുകൊടുക്കുകയും വേണം. നീരൊഴുക്ക് സുഗമമാക്കുന്നതിന്
തോടുകളിലെ പ്രീ-മൺസൂൺ ക്ലീനിങ് ഉടൻ പൂർത്തിയാക്കണം. തണ്ണീർമുക്കം ബണ്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതായും ജില്ലയിലെ 617 ഒരുമുട്ടുകളിൽ 521എണ്ണവും തുറന്നതായും മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. ജില്ലയിലെ കടലാക്രമണ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ ഉടൻ കണക്കാക്കി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മേജർ ഇറിഗേഷൻ വകുപ്പിന് മന്ത്രി നിർദേശം നൽകി. തോട്ടപ്പള്ളിയിലെ പൊഴിമുറിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്തെ പകർച്ചവ്യാധി സാധ്യതകൾ കണക്കിലെടുത്തു ഹോട്ട്സ്പോട്ടുകൾ ഐഡന്റിഫൈ ചെയ്ത് ബോധവൽക്കരണം നടത്തുന്നതായും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഫ്ലോട്ടിങ് ഡിസ്പെൻസറി, വാട്ടർ ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമനം നടത്തും. ഷിഗല്ല രോഗബാധയുണ്ടായ ആറാട്ടുപുഴയിലെ 8600 വീടുകളിൽ ക്ലോറിൻ ടാബ്ലറ്റ് നൽകിയതായും സൂപ്പർ കോറിനേഷൻ ചെയ്യുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതായും കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നാതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിന് അപേക്ഷ നൽകിയിട്ടും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നില്ലെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇത്തരം വൃക്ഷങ്ങളുടെ കാര്യത്തിൽ പഞ്ചായത്തുകളിലെ ട്രീ കമ്മിറ്റികൾ അടിയന്തരമായി ഓഡിറ്റു നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി പ്രസാദ് എംഎൽഎ പറഞ്ഞു. ചേർത്തല താലൂക്കിൽ 12 ദിവസമായി നിലനിൽക്കുന്ന കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും തിരുവിഴ അണ്ടർപ്പാസിലെ കുടിവെള്ള പൈപ്പിൽ ഉണ്ടായ ലീക്കിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എ ഡി തോമസ് എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ഷാജി വി നായർ, ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ, എഡിഎം ബി ജ്യോതി, കെ.സി.വേണുഗോപാൽ എം.പിയുടെ പ്രതിനിധി മുൻ എം.എൽ.എ എ.എ.ഷുക്കൂർ, മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജില്പാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments