Skip to main content

ലോക പരിസ്ഥിതി ദിനം: ജില്ലയിൽ 50,000 വൃക്ഷത്തൈകൾ നടും 

 

​ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ  സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ 50,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. വിവിധ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 

ആഘോഷങ്ങളുടെ ഭാഗമായി വനവകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നേവിയുടെ സഹകരണത്തോടെ നേവൽബേസ് പരിസരത്ത് 1,500 തൈകൾ നടും.  വിദ്യാർത്ഥികളിൽ പ്രകൃതിബോധം വളർത്താനായി പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിൽ പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നയിക്കുന്ന പരിസ്ഥിതി സംവാദവും, പെരുമ്പാവൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ക്വിസ് മത്സരവും, കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബ് രൂപീകരണവും സംഘടിപ്പിക്കും.  

​പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ അവലോകന യോഗം ചേർന്നു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ വെറും ഒരു ദിവസത്തിൽ ഒതുക്കാതെ, 10 ദിവസം നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിനായി മാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

നടുന്ന തൈകളുടെ പൂർണ്ണമായ പരിപാലനം  തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ദേശീയപാതയോരങ്ങളിൽ മുൻപ് നട്ട തൈകളുടെ സംരക്ഷണത്തിന്  മുൻഗണന നൽകണം.  ഉണങ്ങിപ്പോയ തൈകൾക്ക് പകരം പുതിയവ വെച്ചുപിടിപ്പിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.  
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് മേഖലയിൽ കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ 'ഗ്രീൻ ബെൽറ്റ്'  നിർമ്മിക്കാനുള്ള സാധ്യതകൾ ആരായാൻ ഹരിതകേരളം മിഷനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

date