Skip to main content

ദേശീയപാതയിലെ വെള്ളക്കെട്ട് യോഗത്തിൽ ചർച്ച ചെയ്തു

 

ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലും സമീപ വീടുകളിലും ഉണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ചർച്ച ചെയ്തു. ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുക്കുന്നത് ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. മണ്ണെടുക്കുന്നതിന്  സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവിലെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പല സ്ഥലത്തും നിയന്ത്രണങ്ങൾ ഇല്ലാതെ മണ്ണെടുക്കുകയാണ്. എടുക്കുന്ന മണ്ണിൻറെ കണക്കുപോലും സൂക്ഷിക്കാത്ത സാഹചര്യമുണ്ട്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടരുത് എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടണം -മന്ത്രി പറഞ്ഞു. 
വെള്ളക്കെട്ടിന്റെ ഒരു കാരണം കാലങ്ങളായി ഉണ്ടായിരുന്ന ഓട മൂടിക്കളയുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതാണ്. പല തദ്ദേശസ്ഥാപനങ്ങളുടെയും ഓട ദേശീയപാതയുടെ ഓട നിർമ്മാണത്തിനായി മുറിച്ച ശേഷം അവിടെ ഉപേക്ഷിച്ച നിലയിലാണ്. അതിനാൽ വെള്ളം ഒഴുകി പോകുന്നില്ല.
ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ എൽ എസ് ജി ഡി പ്രതിനിധികൾ,ദേശീയപാത അതോറിറ്റി , കോൺട്രാക്ടർമാർ എന്നിവരുടെ സംയുക്ത പരിശോധന നടത്തണം. ദീർഘകാല അടിസ്ഥാനത്തിൽ ഓട നിർമ്മിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പരിശോധനയ്ക്ക് ശേഷം ഈ പ്ലാൻ നൽകിയ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. എത്ര മണ്ണ് നീക്കം ചെയ്തു എന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പും ജിയോളജി വകുപ്പും കൃത്യമായ കണക്ക് സൂക്ഷിക്കാനും പരിശോധന നടത്തി സമയാസമയത്ത് വിലയിരുത്താനും നിർദ്ദേശിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ 10 ദിവസത്തിനകം സംയുക്ത പരിശോധന സംഘം വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കണ്ടെത്തി എത്രയും പെട്ടെന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള താൽക്കാലിക സംവിധാനം ഒരുക്കാനും യോഗം നിർദ്ദേശിച്ചു. ഇതിനാവശ്യമായ പമ്പിങ്, മറ്റ് സൗകര്യങ്ങൾ, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ദേശീയപാത കരാറുകാർ ഉറപ്പാക്കണമെന്നും മന്ത്രി ലിജു നിർദ്ദേശം നൽകി. തണ്ണീർമുക്കത്തും കണ്ണങ്കരയിലും മണ്ണെടുപ്പ് മൂലം റോഡ് തകർന്ന നിലയിൽ ആണെന്നും വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത് എന്നും യോഗത്തിൽ പി പ്രസാദ് എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ശരിയായ രീതിയിലുള്ള ഇടപെടൽ അല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടിയിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ചേർത്തല താലൂക്കിൽ 12 ദിവസമായി നിലനിൽക്കുന്ന കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും തിരുവിഴ അണ്ടർപ്പാസിലെ കുടിവെള്ള പൈപ്പിൽ ഉണ്ടായ ലീക്കിന്  എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എ ഡി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാതയിലെ വെള്ളക്കെട്ടിന് താൽക്കാലികമായിട്ടുള്ള പരിഹാരം മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തദ്ദേശ സ്ഥാപനങ്ങളും  ജനപ്രതിനിധികളുമായി ആലോചിച്ച് കണ്ടെത്തണമെന്നും ഉടൻ നടപ്പാക്കാൻ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

date