മഴക്കാല മുന്നൊരുക്കം ടൂറിസ്റ്റ് ബോട്ടുകള്‍ സുരക്ഷ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കുന്ന സുരക്ഷാമുന്നറിയിപ്പുകള്‍ക്ക് അനുസൃതമായിമാത്രം ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പ്രതികൂല കാലാവസ്ഥയിലും ശക്തമായ കാറ്റിലും യാത്രപാടില്ല, സുരക്ഷിതമായ തീരത്തേക്ക് മാറണം.
സര്‍വീസ് മേഖലയിലെ ജലയാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വെ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ജീവന്‍രക്ഷാഉപകരണങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കണം. ലൈഫ് ജാക്കറ്റുകളും കരുതണം. ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആധികാരിക ലൈസന്‍സ് നിര്‍ബന്ധം. ഉള്‍കൊള്ളാന്‍ കഴിയുന്നതില്‍കൂടുതല്‍ യാത്രക്കാരെകയറ്റരുത്. അടിയന്തരഘട്ടങ്ങളിലേക്ക് ജീവന്‍രക്ഷ-അഗ്‌നിശമന ഉപകരണങ്ങള്‍ ബോട്ടുകള്‍ക്കുള്ളില്‍ സജ്ജമായിരിക്കണം. പൂര്‍ണസുരക്ഷാഉത്തരവാദിത്തം ബോട്ടുടമയ്ക്കാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷാഏകോപനത്തിന് കണ്ട്രോള്റൂംകാലവര്ഷക്കെടുതി വിവരങ്ങള്‍ കൈമാറുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ; ഫോണ്‍: 0474-279 5076. അടിയന്തരസാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായോ താലൂക്കിലെ അസിസ്റ്റന്റ് പ്രോജെക്ട് ഓഫീസര്‍മാരെയോ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജെക്ട് ഓഫീസിലോ ബന്ധപ്പെടാം.
കര്‍ഷകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:
1 മൃഗങ്ങളുടെ കൂടുകള്‍, തീറ്റ പാത്രങ്ങള്‍, വെള്ളം കുടിക്കുന്ന പാത്രങ്ങള്‍ എന്നിവ വൃത്തിയായിരിക്കണം
2. അവശിഷ്ടങ്ങള്‍, കെട്ടിക്കിടക്കുന്നവെള്ളം എന്നിവ നീക്കംചെയ്ത് ശുചിത്വം ഉറപ്പാക്കാം.
3. അണുബാധ-രോഗപ്രതിരോധത്തിന് അണുനാശിനികള്‍ ഉപയോഗിക്കണം.
4.. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായസ്ഥലങ്ങളില്‍ നിര്‍ത്തരുത്.
5. മൃഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സുരക്ഷിതമായ വാസസ്ഥലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുക്കുക.
6. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളില്‍ മുങ്ങിമരണങ്ങള്‍തടയുന്നതിന് താഴ്ന്നപ്രദേശങ്ങളിലോ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലോ മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.
7. വെള്ളപ്പൊക്കമുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ മൃഗങ്ങളെ സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളിലേക്ക് മാറ്റുക
8. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തര സൗകര്യങ്ങളും താല്‍ക്കാലിക ഷെല്‍ട്ടറുകളും ക്രമീകരിക്കാം.
9. അണുബാധയുടേയോ ചര്‍മ്മരോഗങ്ങളുടേയോ പ്രാരംഭലക്ഷണങ്ങള്‍ കണ്ടെത്താന്‍ മൃഗങ്ങളെ പതിവായി നിരീക്ഷിക്കുക; സമയബന്ധിതമായി ചികില്‍സ ഉറപ്പാക്കുക.
10. ദുര്‍ബലമായ ഷെഡുകള്‍, മേല്‍ക്കൂരകള്‍, തൂണുകള്‍ എന്നിവ ശക്തിപ്പെടുത്തുക
11. ഷെഡുകള്‍ക്ക് മുകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണം
12. കേടുപാടുകള്‍ സംഭവിച്ച മേല്‍ക്കൂരകള്‍, മരത്തടികള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ നന്നാക്കാം
13. മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിക്കിടക്കരുത്
14. കേടുവന്ന ഇലക്ട്രിക്കല്‍ വയറിംഗുകളും കണക്ഷനുകളും നന്നാക്കുക.
15. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍നിന്ന് അകലേക്ക് മാറ്റാം.
16. ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ ശരിയായ എര്‍ത്തിംഗും സുരക്ഷിതമായ ഉപയോഗവും ഉറപ്പാക്കണം.
17. തീറ്റയും പുല്ലും ഉണങ്ങിയതും മൂടിയതുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക.
18. മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ ഈര്‍പ്പം തങ്ങാതെ സൂക്ഷിക്കുക.
19. സൂക്ഷിച്ചിരിക്കുന്ന തീറ്റയില്‍ ഫംഗസ്ബാധയോ കേടുപാടുകളോ ഇല്ല എന്ന് ഉറപ്പാക്കുക.
20. അകിടുവീക്കം, ചര്‍മ്മരോഗങ്ങള്‍, മറ്റ് മഴക്കാല ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ തടയാന്‍ മൃഗങ്ങളുടെ കൂടുകള്‍ എപ്പോഴും വൃത്തിയാക്കണം
21. മൃഗങ്ങള്‍ ഈര്‍പ്പവും ചെളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ ദീര്‍ഘനേരം കഴിയുന്നത് ഒഴിവാക്കുക.
(പി.ആര്‍.കെ നമ്പര്‍ 1027/2026)
- Log in to post comments