Skip to main content

യുവ ആപ്ദ മിത്ര: ദുരന്തനിവാരണ പരിശീലനം സമാപിച്ചു

യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വോളന്റിയർമാർക്കായി സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു.
പരിശീലനത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യാതിഥിയായി പങ്കെടുത്ത് യുവ ആപ്ദ മിത്ര വോളന്റിയർമാരെ അഭിസംബോധന ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം സമൂഹത്തിന്റെ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി  എന്നിവയുടെ ആഭിമുഖ്യത്തിലും നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെയും ആണ് പരിപാടി സംഘടിപ്പിച്ചത്.

കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ ശ്രീകുമാർ, കായംകുളം മുനിസിപ്പൽ സെക്രട്ടറി   ജി ബിനു, ഹസാർഡ് അനലിസ്റ്റ്  സിചിന്തു, ഡി.എം. പ്ലാൻ കോ-ഓർഡിനേറ്റർ എസ്  രാഹുൽ കുമാർ, മൈ ഭാരത് ജില്ലാ കോ-ഓർഡിനേറ്റർ ഗോപിക, ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ സംഗീത എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.

ഏഴ് ദിവസങ്ങളിലായി നടന്ന പരിശീലന ക്യാമ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എൻ.ഡി.ആർ.എഫ്, ആരോഗ്യ വകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫോറസ്റ്റ് സർപ്പ  ടീം, ഡെൽറ്റ സ്റ്റാർ കമാൻഡ് ഫോഴ്‌സ്

സൈക്കോളജിസ്റ്റുമാർ, ഹാം റേഡിയോ വിദഗ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ പരിശീലന സെഷനുകൾ സംഘടിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികൾ, ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ, ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്), പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷ, സൈക്കോ സോഷ്യൽ കെയർ, ദുരന്താനന്തര മാനസിക-പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പരിശീലനവും അവബോധവും വോളന്റിയർമാർക്ക് നൽകി.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
 

date