വനം വകുപ്പ് പരിസ്ഥിതി ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും
വനം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂൺ 5) തിരുവനന്തപുരത്ത് നടക്കും.രാവിലെ 10 മണിക്ക് വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് വനശ്രീ ഓഡിറ്റോറിയത്തിൽ വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും.
പ്രകൃതി സംരക്ഷണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വർഷം തോറും വനം വകുപ്പ് ജില്ലാടിസ്ഥാനത്തിൽ നൽകിവരുന്ന വനമിത്ര പുരസ്‌ക്കാര വിതരണവും, സംസ്ഥാനത്ത് 1195 സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ഫോറസ്ട്രി ക്ലബ്ബുകൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ലോഗോ പ്രകാശനവും ചടങ്ങിൽ നടത്തും.
ജനസേവനം ഉറപ്പാക്കാനും പരാതിപരിഹാരം ത്വരിതപ്പെടുത്താനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോറസ്റ്റ് കോൾ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി ഷിബു ബേബിജോൺ നിർവ്വഹിക്കും. വനം വന്യജീവി സംരക്ഷണത്തിന് ജനകീയ മുഖം നൽകുകയെന്ന പുതിയ സർക്കാരിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ച വിഷൻ-2031 ലക്ഷ്യരേഖ മന്ത്രി പ്രകാശനം ചെയ്യും. സർക്കാരിന്റെ ആദ്യ 100 ദിന പരിപാടിയിൽ ഉൾക്കൊള്ളിക്കുന്ന പ്രധാന പദ്ധതികൾ അടങ്ങിയ രേഖയും പ്രകാശനം ചെയ്യും. സംസ്ഥാനത്തുടനീളം സൗരോർജ്ജ വേലികളുടെ സെൻട്രലൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഔദ്യോഗിക അവതരണവും മന്ത്രി നിർവഹിക്കും
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ പി പുകഴേന്തി ചടങ്ങിൽ സ്വാഗതം ആശംസിക്കും. തിരുവനന്തപുരം മേയർ വി. വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. വനം മേധാവി രാജേഷ് രവീന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം നൽകും. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്‌മെന്റിലെ ഡോ. കെ വി ശ്രുതി വിഷയാവതരണം നടത്തും.
വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. എൽ ചന്ദ്രശേഖർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ശ്രാവൺകുമാർ വർമ്മ, ജോർജി പി മാത്തച്ചൻ, വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ ആശംസ നേരും. വനം വകുപ്പിലെ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. ‘പ്രകൃതിയിൽനിന്ന് പ്രചോദനം; കാലാവസ്ഥയ്ക്കായി; നമ്മുടെ ഭാവിക്കായി’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
പി.എൻ.എക്‌സ്. 1793/2026
- Log in to post comments