ലോക പരിസ്ഥിതി ദിനം: സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്കും 'കതിര്' കാർഷിക ക്ലബ്ബുകൾക്കും നാളെ തുടക്കമാകും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്കും വിദ്യാലയതല 'കതിര്' (KATHIRU) കാർഷിക ക്ലബ്ബുകൾക്കും നാളെ (ജൂൺ 5) തുടക്കമാകും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, കർഷകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.
ചടങ്ങിന്റെ ഭാഗമായി കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച അഞ്ച് കുട്ടി കർഷകരെ മുഖ്യമന്ത്രി ആദരിക്കും. വിദ്യാലയങ്ങളിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും അടങ്ങുന്ന പ്രത്യേക ഹരിത കിറ്റുകളും വിതരണം ചെയ്യും.
ഓണക്കാലത്ത് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളുടെയും പൂക്കളുടെയും ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026' പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ സജ്ജമാക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
വിദ്യാർത്ഥികളിൽ കാർഷിക അവബോധം, പ്രകൃതിസ്നേഹം, പരിസ്ഥിതി ഉത്തരവാദിത്തബോധം എന്നിവ വളർത്തുന്നതിന് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന 'കതിര്' കാർഷിക ക്ലബ്ബുകളിലൂടെ കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ അറിവുകൾ, പരിസ്ഥിതി സംരക്ഷണം, ഹോർട്ടികൾച്ചറൽ തെറാപ്പി, വിഷരഹിത ഭക്ഷ്യോൽപ്പാദനം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രാവീണ്യം നൽകും. ലഹരി ഉപയോഗ പ്രവണതകൾക്കും ഡിജിറ്റൽ അടിമത്തത്തിനുമെതിരെ വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും പ്രകൃതിയോടും കൃഷിയോടുമുള്ള അടുപ്പവും വളർത്തിയെടുക്കാൻ 'കതിര്' ക്ലബ്ബുകൾ സഹായകമാകും. കൃഷി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനസിക, സാമൂഹിക ക്ഷേമം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം വിദ്യാലയങ്ങളിലൂടെയും സമൂഹത്തിലൂടെയും ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ബൃഹത് ഹരിത യജ്ഞത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും കൃഷി വകുപ്പ് അഭ്യർത്ഥിച്ചു.
പി.എൻ.എക്‌സ്. 1796/2026
- Log in to post comments