പ്രചരണോപാധികളിൽ ഇനി പൂവിരിയും, മണക്കാട് ഗേൾസ് സ്‌കൂളിൽ മാതൃകയൊരുങ്ങുന്നു
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയ ഗ്രീൻ പ്രോട്ടോക്കോൾ വീണ്ടും മാതൃകയാകുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പ്രചരണവസ്തുക്കൾ റീസൈക്കിൾ ചെയ്ത് നിർമിച്ച ചെടിച്ചട്ടികളും മറ്റും ഉപയോഗിച്ച് ഒരു പൂന്തോട്ടം തലസ്ഥാനത്ത് നിലവിൽവരുന്നു. മണക്കാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലാണ് പൂന്തോട്ടം ഒരുങ്ങുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പൂന്തോട്ടം നാടിന് സമർപ്പിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച പോളീ എത്തിലീൻ ബാനറുകൾ, മറ്റ് പ്രിന്റിംഗ് വസ്തുക്കൾ എന്നിവ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഹമാരാ പ്ലാസ്റ്റിക്‌സ് എന്ന റീസൈക്ലിംഗ് സ്ഥാപനത്തിന്റെ സഹകരണത്തോടെ ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയിരിക്കുന്നത്. മാലിന്യങ്ങളെയും പാഴ്വസ്തുക്കളെയും വിഭവങ്ങളാക്കി മാറ്റുന്ന സർക്കുലർ ഇക്കണോമിയുടെ പ്രാവർത്തിക മാതൃകയാണ് പൂന്തോട്ടം.
ജൂൺ 5 ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി സി.പി.ജോൺ, മേയർ വി.വി.രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, KSWMP പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കുടംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ, മലിനീകരണ നിയന്ത്രണബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല, ക്ലീൻ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാർ, വാർഡ് കൗൺസിലർ ആർ.മിനി, സ്‌കൂൾ പ്രിൻസിപ്പൾ എം.സജി, ഹെഡ് മാസ്റ്റർ ജോസ് പി.ജെ., പി.ടി.എ. പ്രസിഡന്റ് ഈദുൽ മൂബാറക് തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്. 1797/2026
- Log in to post comments