കേര പദ്ധതി: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ജില്ലയിലെ കര്‍ഷക കൂട്ടായ്മകള്‍ രാജ്യാന്തര വിപണിയിലേക്ക്
ചെറുകിട കര്‍ഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ആത്മ ജില്ലാ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയന്‍സ് സ്‌കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക കമ്പനികളാണ് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയന്‍സിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയന്‍സിനും അനുവദിക്കും.
മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ കേര തൃശൂര്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ പി.ഉണ്ണിരാജന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക കമ്പനികളുടെ പ്രതിനിധി ശിവദാസന്‍ (കല്ലടിക്കോട് കനിനിറവ് എഫ്.പി.സി.), കേര റീജ്യണല്‍ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ജോസഫ് ജോണ്‍, കേര റീജിയണല്‍ പ്രോജക്ട് മാനേജര്‍ പ്രിയ വല്ലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments