കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്‌കാരത്തിന് അപേക്ഷിക്കാം
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം, (ശാസ്ത്രം/ശാസ്‌ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി ജൂലൈ 31 വരെ അപേക്ഷിക്കാം. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ-സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ അയച്ചുനൽകാം. പുരസ്‌കാരത്തിനായി സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവ തിരികെ നൽകുന്നതല്ല. സമർപ്പണങ്ങൾ ഓരോന്നും വിദഗ്ധ ജൂറി പരിശോധിച്ച് വിധിനിർണയിക്കും. ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. കഥ, കവിത, നോവൽ, നാടകം, ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല.
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം (ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യപഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സാംസ്‌കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.)
എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം - (ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.)
ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം - (ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ പരിഗണിക്കും. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരമായി നൽകുന്നത്.)
കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയുമാണ് സമർപ്പിക്കേണ്ടത്. വിവർത്തന പുരസ്‌കാരത്തിന് അപേക്ഷിക്കുമ്പോൾ മൂലകൃതിയുടെ ഒരു പകർപ്പും ഗവേഷണ പ്രബന്ധത്തിനൊപ്പം സാക്ഷ്യപത്രത്തിന്റെ പകർപ്പും സമർപ്പിക്കണം. അപേക്ഷകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ നൽകണം. വിശദവിവരങ്ങൾക്ക് : 9447956162 (പി.ആർ.ഒ.), 9497469556 (സീനിയർ സൂപ്രണ്ട്).
പി.എൻ.എക്‌സ്. 1841/2026
- Log in to post comments