Skip to main content

 വാഹന പരിശോധന; 1,32,100 രൂപ പിഴ ഈടാക്കി  

 

കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി എന്നീ ഓഫീസുകളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍  339 കേസുകളിലായി 1,32,100 രൂപ പിഴ ഈടാക്കി. ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിന് 32 പേര്‍ക്കെതിരെയും സൈലന്‍സര്‍ മാറ്റിവച്ച് അമിത ശബ്ദമുണ്ടാക്കി മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍, ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ഇല്ലാതെയും വാഹനമോടിക്കല്‍ എന്നിവക്ക് 118 ഉം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് 21 ഉം കേസുകള്‍ പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരിച്ചു.  അമിതഭാരം കയറ്റിയും, അപകടകരമായ രീതിയിലും വാഹനമോടിച്ചതിനും, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതുമായി 10ഓളം പേരുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിച്ചു.

അമിത ശബ്ദമുണ്ടാക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ച 3 ബൈക്കുകള്‍ പിടികൂടുകയും രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.  കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ അമിത ശബ്ദമുള്ള സൈലന്‍സറുകള്‍ മാറ്റി ബൈക്കുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കാനും നിര്‍ദ്ദേശം നല്‍കിയതായും ആര്‍ ടി ഒ  മനോഹരന്‍ അറിയിച്ചു.

date