Skip to main content
 സില്‍ക്കില്‍ നിര്‍മ്മിക്കുന്ന   സ്ലിപ് വേയുടെ ശിലാസ്ഥാപനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കുന്നു

സില്‍ക്കില്‍ ആഢംബര ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ സംവിധാനമൊരുക്കും: മന്ത്രി ഇ പി ജയരാജന്‍

 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ സ്ഥിരമായി ആഢംബര ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ യാര്‍ഡും വര്‍ക്ക് ഷെഡും നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സില്‍ക്ക് അഴീക്കല്‍ യൂനിറ്റില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സ്ലിപ് വേയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കാലഘട്ടത്തില്‍ ടൂറിസം പ്രധാന ഘടകമാണ്. ജലത്തിലൂടെയുള്ള സാഹസിക ടൂറിസത്തിനാണ് സഞ്ചാരികള്‍ പ്രാധാന്യം നല്‍കുന്നത്. ഇത് സര്‍ക്കാറിന് പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗം കൂടിയാണ്. സില്‍ക്കില്‍ ആഢംബര ബോട്ട് നിര്‍മ്മാണ-റിപ്പയര്‍ യൂനിറ്റ് നിര്‍മ്മിക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍കൂട്ടാവും. യാര്‍ഡ് നിര്‍മ്മിക്കുന്നതോടെ അവിടെ 150 പേര്‍ക്ക്  തൊഴില്‍ നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഐ ടി രംഗത്തെ ശക്തിപ്പെടുത്തി. മാങ്ങാട്ടുപറമ്പ് യൂനിവേഴ്‌സിറ്റി കാമ്പസിനടുത്ത് സ്ഥാപിക്കുന്ന ഐ ടി പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതുവഴി നിരവധി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് അടുത്ത വര്‍ഷം മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യൂനിഫോം നല്‍കുന്നതിന് കൈത്തറി മേഖലയെ ചുമതലപ്പെടുത്തും. പിണറായിയില്‍ നിര്‍മ്മിച്ച ഹൈടെക്ക് വീവിംഗ് മില്‍ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ടൂറിസം വകുപ്പിന് വേണ്ടി റോയല്‍ ടൂറിസം കോ-ഓപ്പ് സൊസൈറ്റി സില്‍ക്കിന് കാരാര്‍ നല്‍കി നിര്‍മ്മിക്കുന്ന 48 ലക്ഷം രൂപയുടെ വിനോദ സഞ്ചാര ബോട്ട് നിര്‍മ്മാണത്തിന്റെ കീലിടല്‍ കര്‍മ്മം തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. സില്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 45 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി അധ്യക്ഷത വഹിച്ചു. സില്‍ക്ക് എംഡി ജെ ചന്ദ്രബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിനോദ സഞ്ചാര ബോട്ട് നിര്‍മ്മാണ അനുമതി പത്രം കേരള ക്ലേയ്‌സ് ആന്റ് സെറാമിക് കെമിക്കല്‍സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ സില്‍ക്കിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന, സുധീര്‍ കുമാര്‍, കെ പി സഹദേവന്‍, വി ബാബു, സമര്‍സന്‍ ബാബു, എന്‍ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

 

date