ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ പ്രത്യേകം നിരീക്ഷിക്കും
ചാലക്കുടി പുഴയില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം
കാലവര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിലവില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 417.35 മീറ്ററാണ്.
പെരിങ്ങല്‍ക്കുത്ത് താരതമ്യേനെ ചെറിയ ഡാം ആയതിനാല്‍ പെട്ടെന്ന് നിറയാന്‍ സാധ്യതയുണ്ട്. ഇവിടെ നിന്ന് അമിതമായി വെള്ളം ഒഴുകിയാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുകയും സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. ഇത് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സാധിച്ച മാതൃകയില്‍ ഇത്തവണയും പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് അതിന്റെ ക്രെസ്റ്റ് ലെവലായ 419.40 മീറ്ററില്‍ നിലനിര്‍ത്താന്‍ തൃശ്ശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ഒ.ജെ ജനീഷ്, എം.എല്‍.എ മാര്‍ എന്നിവര്‍ കൂടി പങ്കെടുത്ത എക്സ്റ്റന്‍ഡഡ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മീറ്റിങ്ങില്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 419.40 മീറ്ററില്‍ ഇന്നു മുതല്‍ ഗേറ്റുകള്‍ തുറന്നുവെക്കും.
ഷോളയാര്‍ ഡാമിലെ ജലനിരപ്പും വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും മറ്റ് ഡാമുകളില്‍ നിന്നുമുള്ള നീരൊഴുക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സസൂക്ഷ്മം നിരീക്ഷിക്കും. ഷോളയാര്‍ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്‍കൂര്‍ അനുമതി തേടണം. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പ് 419.40 മീറ്ററില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒഴുക്കേണ്ട ജലത്തിന്റെ അളവ് സഹിതം മുന്‍കൂട്ടി അനുമതി തേടണം.
മറ്റ് ഡാമുകളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമാവുകയും പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് നിശ്ചയിച്ചിട്ടുള്ള 419.40 മീറ്ററില്‍ നിന്നും വ്യത്യാസപ്പെടുത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ടവരെയും പൊതുജനങ്ങളെയും വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
- Log in to post comments