വിദ്യാർത്ഥിനികളുടെ പരാതികൾ നേരിട്ട് കേട്ട് മന്ത്രി കെ.എ. തുളസി; പൂച്ചെടിവിള ഹോസ്റ്റലിൽ അടിയന്തര ഇടപെടൽ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പൂച്ചെടിവിളയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും അന്തേവാസികളായ വിദ്യാർത്ഥിനികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും നേരിട്ട് മനസ്സിലാക്കി ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനായിരുന്നു സന്ദർശനം.
സന്ദർശനത്തിനിടെ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുമായി മന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. ടോയ്ലറ്റുകളുടെ നവീകരണം അടിയന്തരമായി നടത്തുക, നിലവിലുള്ള ഹോസ്റ്റൽ സമയക്രമത്തിൽ പ്രായോഗികമായ മാറ്റങ്ങൾ വരുത്തുക, വിദ്യാർത്ഥിനികളുടെ ആവശ്യങ്ങൾ പരിഗണിച്ച് സമയം ദീർഘിപ്പിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥിനികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പ്ലസ് വൺ മുതൽ വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കായി പ്രവർത്തിക്കുന്ന ഈ ഹോസ്റ്റലിൽ ഏകദേശം 300 പേർക്ക് താമസസൗകര്യമുണ്ട്. നിലവിൽ 200 ഓളം വിദ്യാർത്ഥിനികളാണ് ഇവിടെ താമസിക്കുന്നത്.
വിദ്യാർത്ഥിനികളുടെ പരാതികളും നിർദേശങ്ങളും അനുഭാവപൂർവം കേട്ട മന്ത്രി, ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും സമയക്രമം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ പ്രായോഗികമായ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും അറിയിച്ചു. വിദ്യാർത്ഥിനികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ-പഠനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 1944/2026
- Log in to post comments