Skip to main content

കാലവര്‍ഷ മുന്നൊരുക്കം- രോഗങ്ങള്‍ പടരാതിരിക്കാന്‍ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പി.കെ.ബഷീര്‍

കാലവര്‍ഷ കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍.മ ലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ല കാലവര്‍ഷത്തെ നേരിടാന്‍ സുസജ്ജമാണെന്നും ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. സി.എസ്.രാജേഷ്, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, സബ് കളക്ടര്‍മായ ദിലീപ് കൈനിക്കര, സാക്ഷി മോഹന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്.വാര്യര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട തീരദേശ മേഖലകള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍, മലയോര മേഖലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ മന്ത്രി യോഗത്തില്‍ പ്രത്യേകം അവലോകനം ചെയ്തു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവയിലുള്ള പുരോഗതി മന്ത്രി ആരാഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കണ്‍ട്രോള്‍ റൂമുകള്‍, എന്‍.ഡി.ആര്‍.എഫ് സംഘം എന്നിവ ജില്ലയില്‍ സജീവമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന തലത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും മന്ത്രി വിലയിരുത്തി. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകും വിധം സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ മഴക്കാല രോഗങ്ങളില്‍ ഇപ്പോള്‍ ഭീഷണിയായി നില്‍ക്കുന്ന എലിപ്പനിയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കി, മഞ്ഞപ്പിത്തം, മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ എന്നിവക്കെതിരെ മുന്നൊരുക്കങ്ങള്‍ നടത്തിയുണ്ടെന്നും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സജ്ജമാണെന്നും ഡി.എം.ഒ.പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും പൂര്‍ണ്ണതോതില്‍ സജ്ജമാണെന്നും ഡി.എം.ഒ യോഗത്തെ അറിയിച്ചു.

date