Skip to main content

പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിക്ക് ജില്ലയിൽ തുടക്കമായി

 കായംകുളം ഡിപ്പോയിൽ മന്ത്രി എം ലിജു പദ്ധതി ഉദ്ഘാടനം ചെയ്തു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലയിലെ എല്ലാ  കെഎസ്ആർടിസി ഡിപ്പോകളിലും നടന്നു.
കായംകുളം ഡിപ്പോയിൽ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിപ്പോയിൽ നിന്ന് ഹരിപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ആദ്യ രണ്ട് സർവീസുകൾ നടത്തിയത്.  കായംകുളം കെഎസ്ആർടിസി ഡിപ്പോയെ നഗരവികസനത്തിന്റെ പുതിയ മുഖമാക്കുന്ന ബൃഹത്തായ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി 
ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 
കായംകുളം ഡിപ്പോയിൽ നിന്നും 30 പ്രിയദർശിനി ബസ്സുകളാണ് സർവീസ് നടത്തുക. ഉദ്ഘാടന ചടങ്ങിൽ 
നഗരസഭാ അധ്യക്ഷൻ ശരത് ലാൽ, 
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ എ. ഡി. തോമസ് എംഎൽഎ ആദ്യ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിപ്പോയിൽ നിന്ന് ആദ്യ സർവീസ് ചേർത്തലയ്ക്കാണ് നടത്തിയത്. 40 ബസ്സുകളാണ് ഇവിടെ നിന്നും സർവീസ് നടത്തുക. ചടങ്ങിൽ നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മുൻ എംഎൽഎ  എ.എ. ഷുക്കൂർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല ഡിപ്പോയിൽ പദ്ധതിയുടെ ഉദ്ഘാടനം എ. ഡി. തോമസ് എംഎൽഎ നിർവഹിച്ചു.  
 ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു. ഇവിടെ നിന്നും 32 പ്രിയദർശിനി ബസ്സുകളാണ് സർവീസ് നടത്തുന്നത്. ആദ്യ ബസ് സർവീസ് നടത്തിയത് ആലപ്പുഴയ്ക്കാണ്.
എടത്വയിൽ നടന്ന ചടങ്ങ് റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്നും 18 ബസ്സുകളാണ് സർവീസ് നടത്തുന്നത്. ആദ്യ രണ്ട് സർവീസുകൾ തായങ്കരി വഴി ചങ്ങനാശ്ശേരിക്കും ആലപ്പുഴയ്ക്കും നടന്നു. ചടങ്ങിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ,  
മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ
 തുടങ്ങിയവർ സംസാരിച്ചു.
ഹരിപ്പാട് ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭാ അധ്യക്ഷ വൃന്ദ എസ്. കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ സർവീസ് മണ്ണാറശാലയ്ക്കാണ് നടന്നത്. 23 പ്രിയദർശിനി സർവീസുകളാണ് ഈ ഡിപ്പോയിലുള്ളത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, നഗരസഭ ഉപാധ്യക്ഷൻ അനിൽ മിത്ര, മുൻ എംഎൽഎ ബാബു പ്രസാദ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. നാഥൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യ സർവീസ് തിരുവല്ലയ്ക്കാണ് നടത്തിയത്. ഇവിടെ നിന്നും 11 ഓർഡിനറി സർവീസുകളാണുള്ളത്.
ചെങ്ങന്നൂർ ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആദ്യ സർവീസ് കോട്ടയത്തേക്കാണ് നടന്നത്. 24 പ്രിയദർശിനി ബസുകളാണ് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത്.

date