Skip to main content

ജില്ലയില്‍ വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനം വിപുലമായി ആചരിച്ചു

വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാന്‍ പുതുതലമുറയുടെ കഴിവും പ്രാപ്തിയും സാങ്കേതികവിദ്യയും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ജില്ലാതലത്തില്‍ സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിനായി എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും മറ്റ് ക്ഷേമപദ്ധതികള്‍ക്ക് മാതൃകയായ മലപ്പുറം വയോജന സംരക്ഷണ മേഖലയിലും സംസ്ഥാനത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറവാണെങ്കിലും സമൂഹത്തിന്റെയും യുവതലമുറയുടെയും സജീവ ഇടപെടലുകളിലൂടെ ഇത്തരം അതിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ നിയമസഹായങ്ങളും സംരക്ഷണവും മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന സൗജന്യമായി ഉറപ്പുവരുത്തുന്നുണ്ടെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം പറഞ്ഞു.

വയോജന മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഉസ്മാന്‍ ടി. പൂക്കോട്ടൂര്‍, അറുമുഖന്‍ എം.ബി. വള്ളുവമ്പ്രം, പോരൂര്‍ ഉണ്ണികൃഷ്ണന്‍, അഹമ്മദ് ചെള്ളി വേങ്ങര, ഇറ്റാമന്‍ പറമ്പന്‍ വേങ്ങര, ശോഭാ വിജയന്‍ മുണ്ടുപറമ്പ, മഹേന്ദ്ര ഭൂപതി എന്നിവരെ സബ് കലക്ടര്‍മാരായ ദിലീപ് കെ. കൈനിക്കര, സാക്ഷി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വയോജന കമ്മിറ്റി അംഗം അഡ്വ. കെ.വി. ശിവരാമന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭാ ഹോമുകളിലെ മുതിര്‍ന്ന പൗരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ സി. വിജയലക്ഷ്മി, കെ.ജെ. ചെല്ലപ്പന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഡോ. അബ്ദു റഹ്‌മാന്‍ മുബാറക്, മനോജ് മേനോന്‍, നൗഫല്‍ എന്‍, അബ്ബാസ് പി, അബൂബക്കര്‍ കെ സി, വിജില, പ്രബിത,  അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

date