Skip to main content

ലോക മണ്ണ് ദിനം: ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു

 

മണ്ണ് കച്ചവടചരക്കായി കാണാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. പുതുതലമുറയ്ക്ക മണ്ണുമായുള്ള ബന്ധം  അകന്നുപോയിരിക്കുന്നുവെന്നും വരും തലമുറയെങ്കിലും പ്രകൃതി സ്‌നേഹത്തെ ചേര്‍ത്തു നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക മണ്ണ് ദിനത്തോടടനുബന്ധിച്ച് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സരോവരം ബയോപാര്‍ക്കില്‍ ഭൗമസംരക്ഷണം മണ്ണില്‍ നിന്ന് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും കലക്ടര്‍ വിതരണം ചെയ്തു. തുറന്ന ക്യാന്‍വാസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യം എന്ന വിഷയത്തില്‍ സയന്റിസ്റ്റ് ഡോ.പി.എം. സുരേശനും ജൈവവൈവിധ്യവും സംരക്ഷണവും എന്ന വിഷയത്തില്‍ ഡോ.പി.എന്‍.കൃഷ്ണനും മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ ഡോ. പ്രകാശ് രാമകൃഷ്ണനും മണ്ണു-ജല സംരക്ഷണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി.പി. ആയിഷയും സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നാടന്‍ പാട്ടുകളും നാടകവും അരങ്ങേറി. 
ചടങ്ങില്‍ കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ ബേബി സുജാത, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍കുമാര്‍, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.അജിത് കുമാര്‍, അഗ്രികള്‍ച്ചര്‍ ജോയിന്റ് ഡയറക്ടര്‍ പി. പ്രേമജ, സോയില്‍ സര്‍വ്വേ ഓഫീസര്‍ രവി മാവിലന്‍ എന്നിവര്‍ സംസാരിച്ചു. 

 

date