Skip to main content

ഷിഗല്ല- മന്ത്രി ഒ. ജെ. ജനീഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു; മുൻകരുതലുകൾ ശക്തമാക്കും

 

 

 

ജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി ഒ. ജെ. ജനീഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി. പി ശ്രീദേവി, മൈക്രോബയോളജി വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, ജില്ലാ ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

 

ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ തുടങ്ങിയ ഭക്ഷണ വിതരണശാലകളിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി ശുചിത്വ സന്ദേശങ്ങൾ വിതരണം ചെയ്യുവാൻ യോഗത്തിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ സ്ക്വാഡ് രൂപീകരിച്ച് ഇവിടങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തും. കുടിവെള്ളസ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ ഡ്രൈവ് നടത്തുവാൻ എൽ.എസ്.ജി.ഡിക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രതിരോധ അവബോധം ശക്തമാക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി.

 

സ്കൂളുകളിലും അങ്കണവാടികളിലും കുട്ടികൾക്കിടയിൽ വ്യക്തിശുചിത്വത്തെക്കുറിച്ച് പ്രത്യേക അവബോധ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടികളിലെയും അടുക്കളകളിൽ പ്രവർത്തിക്കുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ നിർദ്ദേശമുണ്ടായി. ജീവനക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് മാറ്റിനിർത്തണം.

 

ഇതിനുപുറമേ,വൃദ്ധസദനങ്ങളിലും പ്രത്യേക ബോധവത്കരണവും പരിശോധനയും നടത്തും. അതിഥി തൊഴിലാളി ക്യാമ്പുകളിൽ രോഗ വ്യാപനം ഇല്ലായെന്ന് ഉറപ്പാക്കാൻ ജില്ലാ ലേബർ ഓഫീസർ പരിശോധന നടത്തുകയും ശുചിത്വബോധവത്കരണവും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

date