ഡിജിറ്റല്‍ സെന്‍സസില്‍ പങ്കാളികളായി ജില്ലാ കലക്ടറും ജീവനക്കാരും സെന്‍സസ് എന്യൂമറേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു
ഭാരത് സെന്‍സസ് 2027 ന്റെ ഭാഗമായി ജില്ലാ കലക്ടറും കലക്ടറേറ്റിലെ ജീവനക്കാരും ഓണ്‍ലൈനായി സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്യൂമറേഷന്‍ ഡ്രൈവിന് ജില്ലാ സെന്‍സസ് ഓഫീസറും എ ഡി എമ്മുമായ എ അബ്ദുള്‍ ലത്തീഫ് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ കെ സുധീര്‍ മൊബൈല്‍ ഫോണില്‍ തന്നെ സ്വന്തം വിവരങ്ങള്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കി. പൊതുജനങ്ങള്‍ ജൂണ്‍ 30നകം കൃത്യതയോടെ ചോദ്യാവലി പൂരിപ്പിച്ച് സെന്‍സസിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍സസ് നോഡല്‍ ഓഫീസറായ പി എ ടോംസ് പ്രക്രിയ വിശദീകരിച്ചു.
സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട വിധം
https://se.census.gov.in പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പണം നല്‍കാം.
വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.
സെന്‍സസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ഗ്രേഡ് രണ്ട്) എം എസ് രേവതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെന്‍സസ് എന്യൂമറേഷന്‍ ഡ്രൈവ്
ഫോട്ടോ: ജില്ലാ കലക്ടര്‍ കെ സുധീര്‍ സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്നു
ഊത്തപിടിത്തം നിയമവിരുദ്ധം; നടപടി കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്
മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന ഊത്തപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കി. ജില്ലയില്‍ പട്ടാമ്പി, തൃത്താല, പെരിങ്ങോട്ടുകുറുശ്ശി, ഞാങ്ങാട്ടിരി, കൊടുമുണ്ട പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച വലകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ഈടാക്കി. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്തപിടിത്തം തടയാന്‍ ജില്ലയിലുടനീളം ഫിഷറീസ് പട്രോളിങ് സംഘം പരിശോധന നടത്തും.
കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം മത്സ്യങ്ങളുടെ പ്രജനനകാലത്ത് ഊത്തപിടിത്തം വിലക്കിയിട്ടുണ്ട്. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലി മീറ്ററില്‍ കുറഞ്ഞ കണ്ണി വലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തി വിട്ടുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കല്‍, വിഷം കലക്കല്‍, പൊതുജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള മത്സ്യബന്ധനം, അനധികൃത കൂടുകള്‍ സ്ഥാപിച്ചുള്ള മത്സ്യബന്ധനം തുടങ്ങി എല്ലാവിധ ഊത്തപിടിത്ത രീതികള്‍ക്കും നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments