Skip to main content
വിദ്യാർത്ഥികൾക്ക് ആവേശമായി എഐ റോബോട്ടുകൾ 

വിദ്യാർത്ഥികൾക്ക് ആവേശമായി എഐ റോബോട്ടുകൾ 

 

 -പഠനം ഇനി എഐ റോബോട്ടിലൂടെ 

കുഞ്ഞിമംഗലം ഗവ. സെൻട്രൽ യുപി സ്കൂളിൽ പഠനം ഇനി നിർമിതി ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടിലൂടെ.

സംസ്ഥാനത്തെ സർക്കാർ യുപി സ്കൂളുകളിൽ രണ്ടാമത്തെ എഐ റോബോട്ടിക് ലാബാണ് ഇവിടെ യഥാർഥ്യമായത്. പദ്ധതി 
എം വിജിൻ എം എൽഎ ഉദ്ഘാടനം ചെയ്തു.

എംഎൽഎയുടെ ആസ്തിവികസന ഫണ്ടും നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ 'നന്മ'യുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്.
തിരൂർ ആസ്ഥാനമായ കൊക്കോസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്  സാങ്കേതിക സഹായം നൽകുന്നത്.

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ടി അമ്പു അധ്യക്ഷനായി.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ. ജോയ് മുഖ്യാതിഥിയായി. തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. എ കെ നവീന മുഖ്യപ്രഭാഷണം നടത്തി. 

വിദ്യാർത്ഥികൾക്ക് നിർമിതി ബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ പ്രായോഗിക പരിശീലനവും ആഴത്തിലുള്ള അറിവും നേടാൻ സാധിക്കുന്ന നിലയിലാണ് പദ്ധതി കല്യാശ്ശേരി മണ്ഡലത്തിൽ  ആരംഭിക്കുന്നത്.

നഗര-ഗ്രാമീണ മേഖലകളിലെ സാങ്കേതികവിദ്യാ വിടവ് കുറച്ച്, എല്ലാ വിദ്യാർത്ഥികൾക്കും ഈ നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ പഠന പ്ലാറ്റ്‌ഫോമും ലോകോത്തര നിലവാരമുള്ള പാഠപുസ്തകങ്ങളും പദ്ധതിയുടെ ഭാഗമാണ്. പാഠ്യപദ്ധതി, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ബന്ധിപ്പിച്ച്, കുട്ടികളിൽ യുക്തിപരമായ ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്താൻ സഹായിക്കും. 

പരിപാടിയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വിജയലക്ഷ്മി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി വി ജയശ്രീ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജയൻ അടുക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ സതീശൻ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ ശൈലജ,  പ്രധാനാധ്യാപകൻ എം വി വിനോദ് കുമാർ, മാടായി ബിപിസി കെ രഞ്ജിത്ത്, കൊക്കോസ് സി ഇ ഒ ഷെഫീക്ക് റഹ്മാൻ, ചീഫ് പ്രൊഡക്ട് ഓഫീസർ സൂരജ് രാജൻ, സ്കൂൾ വികസന സമിതി ചെയർമാൻ പി വി പ്രകാശൻ, എസ് എം സി ചെയർമാൻ എം സത്യൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീധന്യ, സ്റ്റാഫ് സെക്രട്ടറി കെ എം ഷർമിള എന്നിവർ സംസാരിച്ചു.

date