Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത: ജില്ലയില്‍ ത്രിദിന 'ഡ്രൈ ഡേ' ക്യാമ്പയിന് തുടക്കം

ഡെങ്കിപ്പനി, ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന 'ഡ്രൈ ഡേ' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.  ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ബോയ്‌സ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ. സഫീനയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. രേഖ എം. രവീന്ദ്രന്‍ വിഷയാവതരണം നടത്തി. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഹെര്‍മോയിന്‍ പി. മാക്‌സ് വെല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ചടങ്ങില്‍ ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ സൂസന്‍ വില്‍ഫ്രഡ്, ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് സി.രാജന്‍, പി.ടി.എ പ്രസിഡന്റ് എം.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വരും ദിവസങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും 'ഡ്രൈ ഡേ' ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍ ഷീജ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലും, ഞായറാഴ്ചകളില്‍ വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുക് വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഉപയോഗശൂന്യമായ പാത്രങ്ങള്‍, ടയറുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 

 

date