'ഷൂട്ടൗട്ട് ഷിഗെല്ല' പ്രതിരോധ ക്യാമ്പയിന് തുടക്കം
ഷിഗെല്ലയും മറ്റു വയറിളക്ക രോഗങ്ങളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'ഷൂട്ടൗട്ട് ഷിഗെല്ല' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്‌സല്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കിണര്‍ ക്ലോറിനേഷന്‍ നടത്തുകയും ക്ലോറിനേഷന്‍ രീതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, പുതിയാപ്പ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ ബൈജുലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജിനീഷ് ബോബി, തീര്‍ത്ഥ ഗോവിന്ദ് എന്നിവര്‍ ക്ലോറിനേഷന് നേതൃത്വം നല്‍കി.
ഷിഗെല്ല പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലും അങ്കണവാടികളിലും ബോധവത്കരണവും നടത്തി. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ ആരോഗ്യ ശീലങ്ങളെക്കുറിച്ചായിരുന്നു ബോധവത്കരണം.
കിണറുകളും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യാം
കിണറിലെ/ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തുക. ആയിരം ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ (സൂപ്പര്‍ ക്ലോറിനേഷന് ഇരട്ടി അളവില്‍ ബ്ലീച്ചിങ് പൗഡര്‍ എടുക്കുക) എന്ന തോതില്‍ ആകെ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു ബക്കറ്റിലെടുത്ത് വെള്ളമൊഴിച്ച് കുഴമ്പ് രൂപത്തിലാക്കുക. തുടര്‍ന്ന് ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളമൊഴിച്ച് ശരിയായി കലക്കിയശേഷം തെളിയുന്നതിനായി 10 മിനിറ്റ് വെക്കുക. ഈ തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലോ തൊട്ടിയിലോ ഒഴിച്ച് കിണറ്റിലേക്ക് നന്നായി ഇടിച്ചുതാഴ്ത്തണം. കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്. സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്താലും തിളപ്പിച്ചശേഷം മാത്രമേ വെള്ളം കുടിക്കാവൂ.
- Log in to post comments