അറിയിപ്പുകൾ
വായനാപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം 19 ന്
ജില്ലാ ഭരണകൂടം,ജില്ലാ ലൈബ്രറി കൗൺസിൽ,പി. എൻ. പണിക്കർ ഫൗണ്ടേഷൻ,പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എറണാകുളം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണം
ജില്ലാതല ഉദ്ഘാടനം ജൂൺ 19 രാവിലെ 10 ന് തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിക്കും.
രാവിലെ 9 ന് പുസ്തക പ്രദർശനത്തോടെ പരിപാടി ആരംഭിക്കും. പത്തിന് ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ സ്വാഗതം പറയും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി പ്രണത വായനദിന സന്ദേശം നൽകും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പി. എൻ. പണിക്കർ അനുസ്മരണം നടത്തും. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും.
തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ റമീസ പി. എ., കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ തോമസ് നങ്ങേലിമൂട്ടിൽ, ഹെഡ്‌മിസ്ട്രസ് എൽസി ജോസഫ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. സജീവ് കൃതജ്ഞത
ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.
ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/EAzCF8GKsRGUDcwaA എന്ന ലിങ്കിലൂടെയും അപേക്ഷ നൽകാം ഫോണ്‍: 0484 2422275, 2422068, 9388959192 അവസാന തിയതി ജൂൺ 30. വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി - 682030.
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'ജില്ലാ തല കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പെയ്ഡ് ഇന്റേൺ ആയിട്ടായിരിക്കും നിയമനം. എം.എസ്.ഡബ്ല്യു യോഗ്യതയും ഇംഗ്ലീഷ് ഭാഷാ നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളും അവയുടെ ഫോട്ടോ കോപ്പിയുമായി ജൂൺ 19-ന് രാവിലെ 11 മണിക്ക് കാക്കനാട്ടുള്ള എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടെത്തി വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പുനർ ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2025-2026 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനായി രജിസ്റ്റേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും പുനർ ക്വട്ടേഷൻ ക്ഷണിച്ചു.
താല്പര്യമുള്ളവർ 'സെക്രട്ടറി, എച്ച്.ഡി.എസ്, മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം' എന്ന വിലാസത്തിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ അപേക്ഷ നൽകേണ്ടതാണ്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 ഉച്ചയ്ക്ക് 2 മണി.
ആലങ്ങാടും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആലങ്ങാടും പരിസര പ്രദേശങ്ങളിലുമുള്ള ഭക്ഷ്യ വിൽപന ശാലകളിൽ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. ലൈസൻസ് ഇല്ലാത്തവർ, ജീവനക്കാരുടെ ഹെൽത്ത് കാർഡ് സൂക്ഷിക്കാത്തവർ, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്, ഹരിതസേന കാർഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും വൃത്തിഹീനമായ പരിസരങ്ങളിൽ പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങൾക്കെതിരെയും പരിശോധനയിൽ കർശന നടപടികൾ സ്വീകരിച്ചു. പൊതുജനാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അസിം ലബ്ബ പുതുപ്പള്ളിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി, മണികണ്ഠൻ, കെ.കെ ജെസ്സി, തബിൻ നസീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
- Log in to post comments