വയോജന ക്ഷേമത്തിന് പുതിയ പദ്ധതികൾ; ഫണ്ട് വകമാറ്റരുതെന്ന് നിർദ്ദേശം നൽകി: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ
വയോജനങ്ങൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് നമ്മുടെ സമയവും സാമീപ്യവുമാണെന്നും അത് നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.
മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളുടെ ക്ഷേമത്തിനായി വരും ദിവസങ്ങളിൽ വലിയ പദ്ധതികൾ തയ്യാറാക്കും. പാലിയേറ്റീവ് പരിചരണ രംഗത്ത് മാതൃകയാകുന്ന കൂടുതൽ കാര്യങ്ങൾ ചെയ്യും. വയോജനങ്ങളുടെ മാനസിക സന്തോഷത്തിനും ഉന്നമനത്തിനുമായി പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. വയോജനങ്ങൾക്കായുള്ള പദ്ധതികളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവ ജില്ലാ ആശുപത്രിയോട് ചേർന്നുളള മൂന്നുനില കെട്ടിടത്തിൽ പുതിയ ജെറിയാട്രിക് സെന്റർ സ്ഥാപിക്കും. ഈ കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഡയാലിസിസ് സെന്ററും, രണ്ടും മൂന്നും നിലകളിൽ ഒരേസമയം 60 കിടപ്പുരോഗികളെ ചികിത്സിക്കാൻ സാധിക്കുന്ന ജെറിയാട്രിക് സെന്റർ വരുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജുമായ ആർ.ആർ. രജിത ബോധവൽക്കരണ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹോളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ഹൃതിക്ക് രഞ്ജൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീദേവി മധു, ഷൈജോ പറമ്പി, പി.എ. മുക്താർ, റസിയ, അംഗങ്ങളായ ജോസഫ് മാർട്ടിൻ, പി.എ.എം. ബഷീർ, ജോമി തെക്കേക്കര, ബിനി ഷാജി, മാത്യുസ് വർക്കി, നാദിർഷ, ഷെൽമി ജോൺസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി, ജില്ലാ വയോജന കൗൺസിലിംഗ് അംഗങ്ങളായ പി വി സുഭാഷ്, അലി അക്ബർ, പീറ്റർ കല്ലിയാട്ട്, വി.എൻ. സുബ്രഹ്മണ്യൻ, സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ എന്നിവർ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ഭാരത് മാതാ കോളേജ്, രാജഗിരി കോളേജ്, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ഗവൺമെന്റ് ഓൾഡേജ് ഹോം, ഏലൂർ നഗരസഭാ സായംപ്രഭ ഹോം, ഗവൺമെന്റ് ആശാഭവൻ (പുരുഷന്മാർ) എന്നിവിടങ്ങളിലെ താമസക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു.
- Log in to post comments