മുനമ്പം ഹാർബർ നവീകരണം സ്മാർട്ട്-ഗ്രീൻ സൗകര്യങ്ങളോടെ
മുനമ്പം ഫിഷിങ് ഹാർബറിനെ സ്മാർട്ട് - ഗ്രീൻ സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള പദ്ധതിരേഖ ഒരു മാസത്തിനകം പുതുക്കി സമർപ്പിക്കാൻ എൻ.ഐ.ടി കാലിക്കറ്റ് വിദഗ്ധ സംഘത്തിന് ജില്ലാ കളക്ടർ ജി പ്രിയങ്ക നിർദേശം നൽകി. ഹാർബർ എൻജിനീയറിങ് വകുപ്പ് പുതുക്കിയ എസ്റ്റിമേറ്റും തയ്യാറാക്കണം. മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരവും വിപണനവും നിരീക്ഷിക്കാൻ സംയോജിത ഡാഷ്‌ബോർഡ് സംവിധാനം പദ്ധതിയിൽ ഉൾപ്പെടുത്തണം. ഡി.പി.ആർ ( ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് ) തയ്യാറാക്കുന്നതിന് മുന്നോടിയായി എൻ.ഐ.ടി വിദഗ്ധരുമായി നടത്തിയ പ്രാഥമിക ചർച്ചയിലാണ് നിർദേശം.
200 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര കയറ്റുമതി നിലവാരത്തിലേക്ക് ഹാർബറിനെ ഉയർത്തുകയാണ് ലക്ഷ്യം. കൊച്ചി ഹാർബർ മാതൃകയിൽ 12 മീറ്റർ വീതിയുള്ള റോഡുകൾ, വൻകിട വാഹനങ്ങൾക്കായി മൾട്ടി-ലെവൽ പാർക്കിങ് എന്നിവ ഒരുക്കും.
ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളോടെ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയിട്ടായിരിക്കും വികസനം. നാവിക സുരക്ഷയ്ക്ക് പുതിയ സിഗ്‌നൽ സ്റ്റേഷനും സ്ഥാപിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, സാഗർമാല പദ്ധതികളിൽ നിന്ന് ധനസഹായം ഉറപ്പാക്കാൻ ഒരു മാസത്തിനകം ഹാർബറിന്റെ 3-ഡി പ്രൊജക്റ്റ് മോഡൽ തയ്യാറാക്കും.
ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ, എൻ.ഐ.ടി കാലിക്കറ്റ് പ്രതിനിധികൾ, ഫിഷറീസ്-ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments