അഞ്ച് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ: സെപ്റ്റംബർ വരെ സൗജന്യം
അഞ്ച് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 2026 സെപ്റ്റംബർ വരെ സൗജന്യമായി ആധാർ സർവീസ് ഉള്ള എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് അക്ഷയ ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
കുട്ടികൾക്ക് അഞ്ച് വയസ്സിലും 15 വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതാണ്. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, പാൻ കാർഡ്, അപാർ (APAAR) എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാർ പുതുക്കുന്നത് വഴി നീറ്റ് (NEET), ജെ.ഇ.ഇ. (JEE), കീം (KEAM) തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാവുന്നതാണ്.
കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാവുന്നതാണ്. പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് ബയോമെട്രിക്സ് ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. ഇതിനായി ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കുന്നതിന് ശ്രദ്ധിക്കുക.
മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും അപ്ഡേറ്റ് ചെയ്യൽ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.റ്റി.പി. (OTP) വഴി മാത്രമാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക്സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തിരം ലഭ്യമാണ്.
കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.റ്റി. മിഷനെയാണ് (KSITM) സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിട്ടുള്ളത്. ആധാർ എൻറോൾമെന്റ് ഏജൻസിയായി അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുന്നു.
പരാതി പരിഹാരത്തിനായുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ:സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.റ്റി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442.ഇ-മെയിൽ ഐഡി: uidhelpdesk@kerala.gov.in
(പിആർ/എഎൽപി/1192)
- Log in to post comments