തട്ടുകടകളിലും ഹോട്ടലുകളിലും മിന്നല്‍ പരിശോധന; 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. രണ്ട് സ്‌ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 സ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ലാബ് പരിശോധനക്കായി 30 സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ബിബി മാത്യു അറിയിച്ചു.
സ്ഥാപനങ്ങള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍
*പാചകത്തിനും പാത്രം കഴുകുന്നതിനും ശുദ്ധവും സുരക്ഷിതവുമായ വെള്ളം മാത്രം ഉപയോഗിക്കുക.
*ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിഗത ശുചിത്വം പാലിക്കണം.
*കൈ കഴുകാന്‍ സോപ്പ്/സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമായും ഉപയോഗിക്കണം.
*പാകം ചെയ്ത ഭക്ഷണവും പച്ചവസ്തുക്കളും വേര്‍തിരിച്ച് സൂക്ഷിക്കണം.
*ഭക്ഷ്യവസ്തുക്കള്‍ പൊടി, പുക, കീടങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കുന്ന രീതിയില്‍ മൂടി സൂക്ഷിക്കണം.
*മാലിന്യ നിര്‍മാര്‍ജനത്തിന് അടച്ച മാലിന്യ ബിന്‍ സജ്ജീകരിക്കണം.
*ലൈസന്‍സ്, രജിസ്‌ട്രേഷന്‍ രേഖകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.
- Log in to post comments