സെൻസസ് 2027: വിവരശേഖരണത്തിന് ജില്ലയിൽ 6538 എന്യുമറേറ്റർമാർ
വിവരശേഖരണം ജില്ലയെ 23 മേഖലകളായി തിരിച്ച്
ദേശീയ സെൻസസ് 2027 മായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കുമ്പോൾ ജില്ലയിലാകെ വിവരശേഖരണത്തിന് എത്തുന്നത് 6538 എന്യുമറേറ്റർമാർ. 1117 സൂപ്പർവൈസർമാർ ഈ എന്യുമറേറ്റർമാരുടെ ഏകോപനച്ചുമതലയും നിർവഹിക്കും. ആകെയുള്ള 6538 എന്യുമറേറ്റർമാരിൽ പത്ത് ശതമാനം പേർ റിസർവ് ജീവനക്കാരാണ്. സൂപ്പർവൈസർമാരിലും 10 ശതമാനം റിസർവ് ഉദ്യോഗസ്ഥരാണ്.
എന്യുമറേറ്റർമാക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം ജില്ലയിൽ പുരോഗമിക്കുകയാണ്.
ഗ്രാമീണ മേഖലകളിൽ എഴും, കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ മൂന്നും
ഉൾപ്പെടെ 23 മേഖലകളായി തിരിച്ചാണ് ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾ നടക്കുകയെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.
താലൂക്കുകളിൽ തഹസിൽദാർമാരും, നഗരസഭകളിൽ മുനിസിപ്പൽ സെക്രട്ടറിമാരും, കോർപ്പറേഷനിൽ അഡീഷണൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ സെക്രട്ടറിക്ക് കീഴിൽ നിയോഗിച്ച ചാർജ് ഓഫീസർമാരുമാണ് സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ഓരോ സൂപ്പർവൈസർക്ക് കീഴിലും കുറഞ്ഞത് ആറ് എന്യുമറേറ്റർമാർ ഉണ്ടാകും. എന്യുമറേറ്റർമാർ ശേഖരിക്കുന്ന വിവരങ്ങൾ സൂപ്പർവൈസറും അതിന് ശേഷം മേഖലകളുടെ ചാർജുള്ള തഹസിൽദാർമാരും മുൻസിപ്പിൽ സെക്രട്ടറിമാരും, ചാർജ് ഓഫീസർമാരും പരിശോധിച്ച് ഉറപ്പുവരുത്തി അംഗീകാരം നൽകിയ ശേഷം മാത്രമേ സെൻസസ് പോർട്ടലിൽ അപ് ലോഡ് ചെയ്യുകയുള്ളൂ.
രാജ്യത്തെ വികസന, ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാന രേഖയായി മാറുന്ന സെൻസസിലേക്ക് കൃത്യമായ വിവരങ്ങളാണ് എല്ലാവരും നൽകേണ്ടതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ അധ്യാപകരെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയുമാണ് എന്യുമറേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
ഒരു എന്യുമറേറ്റർക്ക് 150-200 വീടുകളുടെയും വിവരങ്ങളാണ് ശേഖരിക്കേണ്ടി വരുക. ഇത്തരത്തിലുള്ള 6322 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് ജില്ലയിലുള്ളത്.
ജൂലൈ ഒന്നിന് വീടുകളുടെ പട്ടികപ്പെടുത്തലും കണക്കെടുപ്പും ആരംഭിക്കും. വീടുകളിലെത്തുന്ന എന്യുമറേറ്റർമാർ ഭവനഘടന, സൗകര്യങ്ങൾ, ആസ്തി എന്നിവ ഉൾകൊള്ളുന്ന 34 ചോദ്യങ്ങൾക്കാണ് ഉത്തരം തേടുക. വീട്ടുനമ്പര്‍, വീടിന്റെ തറ, ഭിത്തി, മേല്‍ക്കൂര എന്നിവ നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികൾ, മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, എൽപിജി കണക്ഷൻ, ടിവി, ഇന്റർനെറ്റ്, സ്കൂട്ടർ, കാർ എന്നിവയൊക്കെ സംബന്ധിച്ച ചോദ്യങ്ങൾ ഈ ചോദ്യാവലിയിലുണ്ട്.
തുടർന്ന് 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പിൽ ഓരോ വ്യക്തിയുടെയും വ്യക്തിഗതവിവരങ്ങളാണ് ശേഖരിക്കുക. വയസ്, ലിംഗം, വിദ്യാഭ്യാസം, തൊഴിൽ, മതം, ഭാഷ, വിവാഹസ്ഥിതി, കുടിയേറ്റം തുടങ്ങിയ വിവരങ്ങളൊക്കെ ഇതിന്റെ ഭാഗമായി അന്വേഷിക്കും.
ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ നടത്തുന്ന സെൻസസിന് മൊബൈൽ ആപ്പുകളും പോർട്ടലുകളുമാണ് ഉപയോഗിക്കുന്നത്. ശേഖരിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാൻ സൗകര്യമൊരുക്കുന്ന സെൽഫ് എന്യുമേറേഷൻ ജൂൺ 16 ന് ആരംഭിക്കും.
- Log in to post comments