Skip to main content

ലിറ്റില്‍ കൈറ്റ്‌സില്‍ ഇനി സ്റ്റുഡന്റ് മെന്റര്‍മാര്‍; തൃശ്ശൂരില്‍ 605 പേര്‍ക്ക് പരിശീലനം നല്‍കി

സ്‌കൂള്‍ കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടപ്പിലാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുന്നു. ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'സ്റ്റുഡന്റ് മെന്റര്‍' പദ്ധതി രൂപീകരിച്ചു. പദ്ധതിയുടെ ജില്ലാതലപരിശീലനത്തില്‍ 188 സ്‌കൂള്‍ യൂണിറ്റുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 605 സ്റ്റുഡന്റ് മെന്റര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കി.

കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളില്‍ സഹാനുഭൂതിയും ആശയവിനിമയ ശേഷിയും വളര്‍ത്തിയെടുക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മെന്റര്‍മാര്‍ക്കായുള്ള ആദ്യ ശില്‍പശാലയില്‍ ഓണ്‍ലൈനായി സംസാരിച്ച കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

 നിലവില്‍ ജില്ലയിലെ 188 സ്‌കൂള്‍ യൂണിറ്റുകളിലായി 18,531 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി 376 അധ്യാപകര്‍ ജില്ലയില്‍ കൈറ്റ് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികള്‍ക്ക് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ജില്ലയിലെ 188 യൂണിറ്റുകളില്‍ നിന്നുമായി 605 സ്റ്റുഡന്റ് മെന്റര്‍മാരെ തെരഞ്ഞെടുത്തത്.

കുട്ടികള്‍ക്കിടയിലെ ആശയവിനിമയവും കൂട്ടായ്മയും ശക്തമാക്കാന്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്റ്റുഡന്റ് മെന്റര്‍ എന്ന രീതിയിലാണ് പുതിയ ഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളില്‍ നിന്നും അവരുടെ പ്രവര്‍ത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താല്‍പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവ വിലയിരുത്തിയാണ് മെന്റര്‍മാരെ തെരഞ്ഞെടുത്തത്. സ്‌കൂളുകളിലെ അംഗസംഖ്യയ്ക്ക് അനുസരിച്ച് രണ്ട് മുതല്‍ നാല് വരെ സ്റ്റുഡന്റ് മെന്റര്‍മാരാണ് ഓരോ യൂണിറ്റിലും ഉണ്ടാവുക.

തങ്ങളുടെ ഗ്രൂപ്പിലുള്ള പത്ത് കൂട്ടുകാര്‍ക്കും ഐടി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളില്‍ അധ്യാപകരെ സഹായിക്കുക, ക്ലബ്ബിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകള്‍. ഇതിനുപുറമെ, ഡിജിറ്റല്‍ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ലാപ്‌ടോപ്പോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്ത സഹപാഠികളെ കണ്ടെത്തി അവര്‍ക്ക് സ്‌കൂള്‍ ലാബുകളില്‍ പ്രത്യേക പഠനസൗകര്യം ഒരുക്കാനും സ്റ്റുഡന്റ് മെന്റര്‍മാര്‍ മുന്‍കൈ എടുക്കും. യുണിസെഫിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി നെറ്റ്വര്‍ക്കായ ലിറ്റില്‍ കൈറ്റ്‌സിലെ സ്റ്റുഡന്റ് മെന്റര്‍മാര്‍ക്കായി വരും ദിവസങ്ങളിലും തുടര്‍ പരിശീലനങ്ങള്‍ നല്‍കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു.

date