Skip to main content

കുളമ്പ് രോഗം തടയാന്‍ കന്നുകാലികള്‍ക്ക് വാക്സിന്‍ സുരക്ഷ; ജില്ലയിലും പ്രത്യേക വാക്സിനേഷന്‍ യത്‌നം

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള എട്ടാം ഘട്ട കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പ് ജില്ലയില്‍ ആരംഭിച്ചു. ചാലക്കുടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ ട്രെയിനിങ് ഹാളില്‍ നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷനും ഡാറ്റ എന്‍ട്രിയും ചെയ്ത ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മനീഷിന് വാക്‌സിന്‍ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡീന ആന്റണി പദ്ധതി വിശദീകരണം നടത്തി.

 18 പ്രവൃത്തി ദിവസങ്ങളിലായാണ് ജില്ലയില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുക. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ 158 വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ കര്‍ഷകരുടെ ഭവനങ്ങളിലെത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും. നാലുമാസവും അതിനു മുകളിലുള്ള കന്നുകുട്ടികളെയും വാക്‌സിനേഷന് വിധേയമാക്കണം. വാക്‌സിനേഷന് ശേഷം കര്‍ഷകരുടെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി വാക്‌സിനേറ്റേഴ്‌സിന് നല്‍കണം. കുളമ്പ് രോഗത്തെ തടയാന്‍ മൃഗസംരക്ഷണ വകുപ്പിനോടൊപ്പം ക്ഷീരവികസന വകുപ്പും, ക്ഷീരസംഘങ്ങളും, തദ്ദേശ സ്വയംഭരണ വകുപ്പും ഉര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കന്നുകാലികള്‍ക്ക് കൃത്യമായി കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ അവയെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനും കര്‍ഷകര്‍ക്ക് സാധിക്കും.

 ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനില്‍ കെ. മേനോന്‍, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ പെല്ലിശ്ശേരി, ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഐസക് സാം, ചാലക്കുടി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ജയന്‍ ജോസഫ്, ഡോ. കെ.വി. ഷിബു തുടങ്ങിയവര്‍  സംസാരിച്ചു. ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കായി പ്രതിരോധ കുത്തിവെപ്പ് മാര്‍ഗരേഖ, വിവരങ്ങള്‍ ശേഖരിക്കുന്ന ഭാരത് പശുധന്‍ പോര്‍ട്ടലിലെ ഡാറ്റ എന്‍ട്രി എന്നിവയെക്കുറിച്ചുള്ള പരിശീലന പരിപാടിക്ക് ഡോ. അഞ്ജു മേരി, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.

date