Skip to main content

നഗരത്തിലെ വെള്ളക്കെട്ട്: ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

 

അവലോകനയോഗം ചേർന്നു

കാലവർഷം കനത്തതോടെ കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം
കാണാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ടി ജെ വിനോദ് എം എൽ എ , ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

നഗരത്തിലെ പ്രധാന കനാലുകളുടെ നവീകരണവും, വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നിർമാർജനവും സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  യോഗത്തിൽ ചർച്ച ചെയ്തു.

മുല്ലശ്ശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും. കനാൽ നവീകരണത്തിന് തടസ്സമായി നിൽക്കുന്ന കെ.ഡബ്ല്യു.എ , ബി.എസ്.എൻ.എൽ , കെ.എസ്.ഇ.ബി എന്നിവയുടെ ഭൂഗർഭ കേബിളുകളും, പൈപ്പുകളും (യൂട്ടിലിറ്റി ഷിഫ്റ്റിംഗ്) അടിയന്തരമായി മാറ്റിസ്ഥാപിക്കുന്നതിനും.
യോഗത്തിൽ നിർദ്ദേശം നൽകി.

ടി പി കനാലിന്റെ ഒന്ന്, മൂന്ന്, നാല് റീച്ചുകളിലെ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടാം റീച്ചിന്റെ ജോലികൾ ജൂൺ 30-നകം പൂർത്തിയാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. കൂടാതെ, ടി.പി കനാലിന്റെ മുഖപ്പ് വൃത്തിയാക്കുന്ന ജോലികൾ ജൂൺ 15-നകം കോർപ്പറേഷൻ പൂർത്തിയാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു

കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രദേശത്തെ കാനകളിലെ അനധികൃത വേസ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് കാനകൾ അടിയന്തിരമായി വൃത്തിയാക്കുവാനും, കാനകൾക്ക് മുകളിൽ പ്രവർത്തിക്കുന്ന കടകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കൊച്ചി കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. കൂടാതെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായി വിവേകാനന്ദ കനാലിന്റെ ആരംഭ ഭാഗത്തായി മെട്രോ പില്ലറിന്റെ നിർമ്മാണം മൂലം ജലത്തിന്റെ സുഗമമായ നീരൊഴുക്ക് തടസ്സമുള്ളതിനാൽ കനാലിന്റെ ഈ ഭാഗം വീതി കൂട്ടുന്നതിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.

എ.ജിയുടെ ഓഫീസ് ഉൾപ്പെടെയുള്ള ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിലവിൽ 30% ജോലികൾ പൂർത്തിയായിട്ടുണ്ട്. ജൂലൈ 31-ഓടെ ഈ പ്രവൃത്തികൾ പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് പി.ഡബ്ല്യു.ഡി (റോഡ്സ്) യോഗത്തെ അറിയിച്ചു.
ജോസ് ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ തന്നെ സമർപ്പിക്കാൻ നിർദ്ദേശം നൽകി.

ഇന്ദിരാനഗറിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിനായി റോഡ് ഉയർത്തുന്ന ജോലികളും, വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ഷട്ടർ സ്ഥാപിക്കുന്ന ജോലികളും അടിയന്തരമായി പൂർത്തിയാക്കാൻ കോർപ്പറേഷനോട് യോഗത്തിൽ ആവശ്യപ്പെട്ടു.
ചേരാനല്ലൂർ പഞ്ചായത്ത് പരിധിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്തു.

മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ എവിടെയെങ്കിലും വെള്ളക്കെട്ടുണ്ടായാൽ ഉടനടി പമ്പ് ചെയ്ത് മാറ്റുന്നതിനായി ഫയർഫോഴ്സിനെ സജ്ജമാക്കാനും . കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ഓടകൾ വൃത്തിയാക്കുന്നതിനായി കൊച്ചി കോർപ്പറേഷനെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർമാർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്‌ണ , ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ വി ഇ അബ്ബാസ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date