ഊത്തപ്പിടിത്തത്തിനെതിരെ നടപടികൾ ശക്തമാക്കി ഫിഷറീസ് വകുപ്പ്; ജില്ലയിൽ പട്രോളിംഗ് ഊർജ്ജിതമാക്കി
മഴകാലത്ത് ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്തിന് വലിയ ഭീഷണി ഉയർത്തുന്ന 'ഊത്തപ്പിടിത്ത'ത്തിനെതിരെ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്.
മത്സ്യങ്ങളുടെ പ്രജനന കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന ഊത്തപ്പിടിത്തം തടയുന്നതിനായി ജില്ലയിലുടനീളം വകുപ്പിന്റ പട്രോളിംഗ് സംഘം പരിശോധന ശക്തമാക്കി.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമ പ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടൽ കാലത്ത് നടത്തുന്ന ഊത്തപിടിത്തം നിരോധിച്ചിരിക്കുന്നത്. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം നടക്കുമ്പോൾ, വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് മത്സ്യവംശനാശത്തിന് കാരണമാകും. അതിനാലാണ് ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയത്.
നിയമം ലംഘിച്ച് ഊത്തപ്പിടിത്തം നടത്തുന്നവർക്കെതിരെ ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അടക്കംകൊല്ലി വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലീമീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തിവിട്ടുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കൽ, വിഷം കലക്കൽ തുടങ്ങിയ എല്ലാവിധ ഊത്തപ്പിടിത്ത രീതികൾക്കും നിരോധനം ബാധകമാണ്.
ജില്ലയിലെ ജലാശയങ്ങളിൽ എവിടെയെങ്കിലും ഊത്തപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
- Log in to post comments